covid-vaccine

പത്തനംതിട്ട: ജില്ലയിലെ ഓൾഡ് ഏജ് ഹോം, ബെഗർ ഹോം, സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്റർ എന്നിവിടങ്ങളിലുള്ള 45 വയസിന് മുകളിലുള്ളവർക്കുള്ള വാക്‌സിനേഷൻ എട്ടിന് നടക്കും. ജില്ലാ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ ഓൺലൈനായി നടന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് മീറ്റിംഗിലാണ് തീരുമാനം.

കൊവീഷീൽഡിന് ആദ്യ ഡോസ് കഴിഞ്ഞ് 84 ദിവസം കഴിഞ്ഞവർക്കും കോവാക്‌സിൻ 28 ദിവസം കഴിഞ്ഞവർക്കും രണ്ടാമത്തെ ഡോസ് എടുക്കാം. ജില്ലയിലെ ഓൾഡ് ഏജ് ഹോമുകളിലുള്ള 747 പേർക്കാണ് വാക്‌സിനേഷൻ കിട്ടാനായുള്ളത്. വാക്‌സിനേഷൻ ക്യാമ്പിനുള്ള ഇന്റർനെറ്റ് സൗകര്യം ഉൾപ്പെടെ സോഷ്യൽ ജസ്റ്റീസ് ഡിപ്പാർട്ട്‌മെന്റ് ഒരുക്കണം.

ഭിന്നശേഷിക്കാർക്ക് 15ന്

ജില്ലയിലെ 45 വയസിനു മുകളിൽ പ്രായമായ ഭിന്നശേഷി വിഭാഗക്കാരുടെ വാക്‌സിനേഷൻ 15ന് നടക്കും. 18 മുതൽ 44 വയസുവരെയുള്ളവരുടെ വാക്‌സിനേഷൻ രജിസ്‌ട്രേഷൻ സോഷ്യൽ ജസ്റ്റീസ് ഹെൽപ്പ് ഡസ്‌ക്, സഹജീവനം എന്നിവയുടെ സഹായത്തോടെ സോഷ്യൽ ജസ്റ്റിസ് വകുപ്പ് ഉറപ്പാക്കണം.

886 ആദിവാസികൾ, 30000 കിടപ്പുരോഗികൾ

ജില്ലയിൽ ആദിവാസി വിഭാഗങ്ങളിൽപെട്ട 45 വയസിന് മുകളിലുള്ള 886 പേർക്കാണ് വാക്‌സിൻ എടുക്കാനുള്ളത്. അവർക്ക് ബോധവത്കരണം നൽകി വാക്‌സിൻ ക്യാമ്പ് ഒരുക്കും. ഏകദേശം 30000 കിടപ്പുരോഗികളാണ് ജില്ലയിൽ ഉള്ളത്. ഇവർക്ക് വീടുകളിലെത്തി വാക്‌സിൻ നൽകും. ഒരു പഞ്ചായത്തിൽ രണ്ട് പാലിയേറ്റീവ് ടീം മുഖേന ഒരു ദിവസം 20 പേരെ വാക്‌സിനേഷൻ ചെയ്യും. ഇതിനായി ഓരോ പഞ്ചായത്തിലും രണ്ട് വാഹനങ്ങൾ, ആംബുലൻസ് എന്നിവ ഒരുക്കണം. ജില്ലാ പഞ്ചായത്തിന്റെ പത്തുവാഹനങ്ങൾ കൂടി ഇതിനായി ലഭ്യമാകും.
ഡി.എം.ഒ ഡോ.എ.എൽ ഷീജ, ആർ.സി.എച്ച്.ഒ: ഡോ.ആർ. സന്തോഷ് കുമാർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.എസ് തസ്‌നീമ, ട്രൈബൽ ഡെവലപ്‌മെന്റ് ജില്ലാ ഓഫീസർ എസ്.എസ് സുധീർ, സോഷ്യൽ ജസ്റ്റിസ് ജില്ലാ ഓഫീസർ ഏലിയാസ് തോമസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.