മല്ലപ്പള്ളി : കർശന ലോക്ഡൗണിന് മുമ്പെ ജനങ്ങൾ കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയ കാഴ്ചയായിരുന്നു ഇന്നലെ മല്ലപ്പള്ളിയിൽ. അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറി, മത്സ്യം, മാംസം എന്നിവയുടെയും പണത്തിന്റെയും കരുതൽ ശേഖരത്തിനുവേണ്ടിയാണ് പുലർച്ചെ മുതൽ മല്ലപ്പള്ളി ടൗണും പരിസരവും ജനനിബിഡമായത്. വ്യാപാര സ്ഥാപനങ്ങളിലും ബാങ്കുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. മെഡിക്കൽ സ്റ്റോറുകളിൽപോലും നീണ്ടനിര കാണാമായിരുന്നു. പൊലീസും സെക്ട്രൽ മജിസ്‌ട്രേറ്റുമാരും നിയന്ത്രിക്കാനുണ്ടായിരുന്നെങ്കിലും എല്ലാവരുടെ പക്കലും തിരിച്ചറിയൽ രേഖകളും സാക്ഷ്യപത്രവും ഉണ്ടായിരുന്നതിനാൽ നിയന്ത്രിക്കുന്നവർക്ക് ഒന്നും ചെയ്യാനായില്ല. കോട്ടയം, തിരുവല്ല, ആനിക്കാട്, കോഴഞ്ചേരി റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിരയുണ്ടായിരുന്നു. റോഡുകൾ അടച്ച് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും ഇടയ്ക്കിടെ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. കൊവിഡ് വ്യാപനം നിയന്ത്രിക്കുവാൻ ലോക്ഡൗൺ കർശനമാക്കിയപ്പോൾ പൂട്ടുപൊളിച്ച് ജനം വ്യാപാരസ്ഥാപനങ്ങളിലും ധനകാര്യ സ്ഥാപനങ്ങളിലും പൊതുനിരത്തിലും കൂട്ടത്തോടെ എത്തിയത് വിപത്താകുമോയെന്ന് പിന്നീടറിയാം.