ഇലന്തൂർ: നെൽകൃഷി ഇല്ലാത്ത മുട്ടാർ പാടശേഖരത്ത് മൈനർ ഇറിഗേഷൻ ചീപ്പ് നിർമ്മിച്ചതു കാരണം മൂവായിരത്തിലേറെ വാഴയും പച്ചക്കറികളും കപ്പയും മീൻകുളവും നശിച്ചു. വലിയ തോടിന്റെ ഒരു ഭാഗം പാടശേഖരത്തേക്ക് മുറിച്ചുവിട്ടാണ് ചീപ്പ് നിർമ്മിക്കുന്നത്. ഇത് അശാസ്ത്രീയമാണെന്നും ഉപേക്ഷിക്കണമെന്നും കർഷകർ അഭ്യർത്ഥിച്ചിട്ടും വഴങ്ങാതെ അധികൃതർ മുന്നോട്ടുപോവുകയായിരുന്നു. ഒാണ വിപണി ലക്ഷ്യമിട്ട് പതിനഞ്ചോളം കർഷകർ കൃഷി ചെയ്ത വാഴകളാണ് വെള്ളംകയറി പഴുത്ത് നശിച്ചത്. സമീപത്തുണ്ടായിരുന്ന മീൻകുളത്തിന്റെ ഒരു ഭാഗത്തുകൂടി വെള്ളം ഒഴുകിയതിനാൽ മീനുകളെയും നഷ്ടപ്പെട്ടു. ദിവസങ്ങളായുള്ള അദ്ധ്വാനം, അധികൃതരുടെ നിരുത്തരവാദ നടപടിയിലൂടെ പാഴായതിന്റെ രോഷത്തിലാണ് കർഷകർ.
ചീപ്പ് നിർമ്മിക്കാൻ വലിയതോട് മുറിച്ചതിലൂടെ പതിനഞ്ച് ഏക്കറോളം വരുന്ന പാടശേഖരത്തേക്ക് വെള്ളം ഒഴുകിക്കയറി. മഴയ്ക്ക് മുമ്പ് ചീപ്പ് നിർമ്മാണം പൂർത്തിയാക്കിയിരുന്നെങ്കിൽ ഇത്രയും വലിയ നാശനഷ്ടം ഉണ്ടാകുമായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
മല്ലപ്പുഴശേരി, ഇലന്തൂർ പഞ്ചായത്തുകളുടെ അതിർത്തിയിലൂടെയാണ് വലിയതോട് ഒഴുകുന്നത്. ഇതുമായി ബന്ധപ്പെട്ട മുട്ടാർ പാലം കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ തകർന്നുപോയിരുന്നു. ഇത് പുനർനിർമ്മിക്കുന്നതിനൊപ്പമാണ് ചീപ്പും നിർമ്മിക്കുന്നത്. ചീപ്പ് ഒഴിവാക്കി പാലം മാത്രം പണിതാൽ മതിയെന്ന നാട്ടുകാരുടെ ആവശ്യം മൈനർ ഇറിഗേഷൻ വകുപ്പ് അംഗീകരിച്ചില്ല. ഏഴ് മാസം മുമ്പ് പണി തുടങ്ങിയത് പൂർത്തീകരിച്ചതുമില്ല.