അത്തിക്കയം:നാറാണംമൂഴി പഞ്ചായത്തിലെ കൊച്ചുകുളം മേഖലയിൽ കാട്ടാനയുടെ ശല്യം രൂക്ഷമായതോടെ സൗരോർജ വേലി സ്ഥാപിക്കണം എന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. തുടർച്ചയായി കാട്ടാനകൾ കൃഷികൾ നശിപ്പിക്കുന്നതിനാൽ കർഷകർക്ക് വൻ നാശമാണ് ഉണ്ടാകുന്നത്. കൊച്ചുകുളം പുള്ളോലിൽ മോൻസി, മാലൂർ സദാനന്ദൻ, കണ്ണാത്ത് സാമുവേൽ,പറങ്കിമാംകൂട്ടത്തിൽ രാജപ്പൻ, ഓലിക്കൽ പുരുഷോത്തമൻ, പാലക്കൽപറമ്പിൽ സന്ദീപ്, ഓലിക്കൽ സജീവ് എന്നിവരുടെ കൃഷിയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാന നശിപ്പിച്ചത്. വാഴ,തെങ്ങ്, കമുക് മുതലായവയാണ് നശിപ്പിച്ചത്. കൊച്ചുകുളം മേഖലയിൽ വനംവകുപ്പ് നേരുത്തെ കുറച്ചുസ്ഥലങ്ങളിൽ സൗരോർജ വേലി സ്ഥാപിച്ചിരുന്നു.. ഇതോടെ ആനയുടെ ശല്യം മറ്റു മേഖലയിലേക്ക് മാറുകയും കൂടുതൽ ജനവാസ മേഖലയിലേക്ക് ഇറങ്ങുകയും ചെയ്യുന്നു. വനാതിർത്തിയോട് ചേർന്ന് താമസിക്കുന്ന ജനങ്ങൾ പന്നിയും, മലയണ്ണാനും , കാട്ടുപോത്തും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം ഭീതിയിലാണ്. വാർഡ് മെമ്പർ ഓമന പ്രസന്നൻ അറിയിച്ചതിനെ തുടർന്ന് റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.