ചെങ്ങന്നൂർ : എം.സി റോഡിൽ അടൂർ മുതൽ ചെങ്ങന്നൂർ വരെയുള്ള അപകടരഹിത ഇടനാഴി പദ്ധതിയുടെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക് എത്തുന്നു. റോഡ് നവീകരണം പൂർത്തിയാകുന്നതോടെ റോഡിന്റെ നിലവാരം ഉയരുകയും അപകടങ്ങൾ കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ചെങ്ങന്നൂർ മണ്ഡലത്തിൽ കാരായ്ക്കാട് വെട്ടിപ്പീടിക കവല മുതല ടൗണിലെ വെള്ളാവൂർ കവല വരെയാണ് ഇടനാഴിയിൽ ഉൾപ്പെടുന്ന ഭാഗം. നഗരത്തിന്റെ സൗന്ദര്യവൽക്കരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഞ്ഞിലിമൂട് കവല നാലുവരിപ്പാതയ്ക്ക് സമാനമായി വികസിപ്പിക്കും. മാവേലിക്കര റോഡിലേക്ക് കടക്കുന്നിടത്തെ ഉയർന്ന് നിൽക്കുന്ന ഭാഗം നിരപ്പാക്കും. പ്രത്യേക സുരക്ഷാ അടയാളവും സ്ഥാപിക്കും. കെട്ടിടങ്ങൾ പോളിച്ചുനീക്കാതെയാണ് നടപ്പാതയുടെ നിർമ്മാണം നടത്തുക. മോഡൽ ഫെയ്‌സ് കോറിഡോർ പദ്ധതിയിൽ 23.8 കിലോമീറ്റർ ദൂരമാണ് നവീകരിക്കുന്നത്. റീബിൽഡ് കേരളയിൽ പെടുത്തി 98.1 കോടി രൂപ ചെലവഴിച്ച് ലോകബാങ്കിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.