പത്തനംതിട്ട: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനകീയ പദ്ധതി നിർവഹണ ഉദ്യോഗസ്ഥരായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരുടെ ആത്മാഭിമാനം വ്രണപ്പെടുത്തി ഔദ്യോഗിക സർക്കുലർ പുറത്തിറക്കിയ ഗ്രാമ വികസന വകുപ്പ് ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ സംഘ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സർക്കുലർ ഇറക്കിയത് തന്റെ അറിവോടെയല്ലെന്ന് ഗ്രാമ വികസന വകുപ്പ് ഡയറക്ടർ വ്യക്തമാക്കിയതോടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സംരക്ഷിക്കാനുള്ള എൻ ജി ഒ യൂണിയൻ നേതാക്കളുടെ ശ്രമം അപഹാസ്യമാണ്. ഒരേസമയം ഇരയ്ക്കും വേട്ടക്കാരനുമൊപ്പമുള്ള ഇരട്ട നിലപാട് ജീവനക്കാർ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.
എൻ.ജി.ഒ സംഘ് സംസ്ഥാന കൗൺസിൽ അംഗം എസ്. രാജേഷ്, ജില്ലാ പ്രസിഡന്റ് പി അനിൽകുമാർ, ജില്ലാ സെക്രട്ടറി ജി അനീഷ്, ജില്ലാ ട്രെഷറർ എസ്.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.