nature
ഉണ്ടപ്ലാവ് ജംഗ്‌ഷനിൽ വീണ്ടും പ്ലാവ് നടുന്നു

തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ ഉണ്ടപ്ലാവ് കവലയുടെ സ്മരണ നിലനിറുത്താൻ സേവാഭാരതി പ്രവർത്തകർ വീണ്ടും പ്ലാവ് നട്ടുപിടിപ്പിച്ചു. മാവേലിക്കര-തിരുവല്ല റോഡരുകിലായി പതിറ്റാണ്ടുകൾ പഴക്കമുള്ള മുത്തശ്ശി പ്ലാവ് കവലയ്ക്കാകെ തണലേകി ഇവിടെ ഉണ്ടായിരുന്നു. ഉണ്ടച്ചക്കകൾ വിരിയിച്ചിരുന്ന പ്ലാവ് നാട്ടുകാർക്ക് പ്രിയങ്കരമായതോടെ ഈ കവലയുടെ പേര് പിന്നീട് ഉണ്ടപ്ലാവ് എന്നായി മാറി. കാലപ്പഴക്കത്താൽ ഭീഷണിയായ പ്ലാവ് അഞ്ചുവർഷങ്ങൾക്ക് മുമ്പ് അധികൃതർ മുറിച്ചുനീക്കി. പ്ലാവ് ഇല്ലാതായെങ്കിലും പൊടിയാടിക്കും മണിപ്പുഴയ്ക്കും ഇടയിലുള്ള ഉണ്ടപ്ലാവ് ജംഗ്‌ഷൻ എന്ന സ്ഥലനാമം ഇപ്പോഴും കൗതുകമായി നിലകൊള്ളുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ സേവാഭാരതി പ്രവർത്തകർ വീണ്ടും ഇവിടെ പ്ലാവ് നട്ടു. ചുറ്റും സംരക്ഷണവേലിയും സ്ഥാപിച്ചു. സേവാഭാരതി പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡൻ്റ് കെ.കെ.രാജപ്പൻ പ്ലാവിൻതൈ നട്ടുപിടിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗം എസ്.പ്രദീപ്കുമാർ,യുവമോർച്ച താലൂക്ക് സെക്രട്ടറി രഞ്ജിത്ത്,ആർ.എസ്.എസ്. മണിപ്പുഴ ശാഖാ കാര്യവാഹ് എസ്.അനന്ദു,ശിക്ഷക് എം. മനു,ആദിത്യ പ്രദീപ്,പി. അനന്ദു എന്നിവർ നേതൃത്വം നൽകി.ആറന്മുളയിൽ ചക്കമഹോത്സവം നടന്നപ്പോൾ മിസോറാം മുൻഗവർണർ കുമ്മനം രാജശേഖരനും മുൻമന്ത്രി മാത്യു ടി.തോമസും ചേർന്ന് നട്ടുപിടിപ്പിച്ച പ്ലാവ് ഫോൺ കേബിളിന്റെ കുഴിയെടുത്തപ്പോൾ നശിച്ചു. സേവാഭാരതി പ്രവർത്തകർ അവിടെയും ഇന്നലെ പ്ലാവിൻതൈ നട്ടു.