arun
കോന്നിയിൽ നിർമ്മാണത്തിലിരുന്ന ഇരുനി​ലവീടി​ന്റെ മേൽക്കൂര തകർന്ന് വീണ് മരി​ച്ച അരുൺ കൃഷ്ണന്റെ മൃതദേഹം പൊലീസും അഗ്നിരക്ഷാസേനയും ചേർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രി​യി​ലേക്ക് മാറ്റുന്നു

കോന്നി : നിർമ്മാണത്തിലിരുന്ന വീടിന്റെ മേൽക്കൂര തകർന്ന് യുവാവ് മരിക്കാനിടയായ സംഭവത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.

കരാറുകാരൻ കൂടിയായ വീട്ടുടമ കോന്നി മങ്ങാരം ജിൻസ് വില്ലയിൽ ജോസ് വില്പനയ്ക്കായി നിർമ്മിച്ച വീടാണ് തകർന്നത്.

യുദ്ധകാല അടിസ്ഥാനത്തിലായിരുന്നു നിർമ്മാണം. ഒന്നാം നിലയുടെയും രണ്ടാംനിലയിലെ കൂരയുടെയും പണികളുടെ വേഗത ആരെയും അതിശയപ്പെടുത്തിയിരുന്നു. ഒന്നാംനില പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിലാണ് രണ്ടാംനിലയുടെ മേൽക്കൂര പണിതതെന്ന് സമീപവാസികൾ പറഞ്ഞു.

സാധാരണ രീതിയിൽ വാർപ്പ് കഴിഞ്ഞ് 15 മുതൽ 20 ദിവസങ്ങൾ വരെ കഴിഞ്ഞാണ് തട്ട് പൊളിയ്ക്കുന്നത്. എന്നാൽ ഇവിടെ ഏഴാം ദിവസം തട്ട് പൊളിച്ചു തുടങ്ങി. ഈ അശാസ്ത്രീയതയാണ് കോന്നി മങ്ങാരം പുതുപ്പറമ്പിൽ ഗോപാലകൃഷ്ണൻ ആചാരിയുടെയും മാധവിയുടെയും മകൻ അരുൺ കൃഷ്ണന്റെ ജീവനെടുക്കാൻ കാരണമായത്.

താങ്ങു നൽകിയിരുന്ന ഇരുമ്പ് തൂണുകൾ നീക്കം ചെയ്യുന്നതിനിടെ കൂരയുടെ മദ്ധ്യഭാഗം രണ്ടായി പിളർന്ന് അരുണിന് മുകളിൽ പതിക്കുകയായിരുന്നു. തകർന്ന കോൺക്രീറ്റിന് ഇടയിൽ അകപ്പെട്ടുപോയ അരുണിന്റെ മൃതദേഹം രണ്ടര മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. കെ.യു. ജനീഷ് കുമാർ എം.എൽ.എ സ്ഥലത്ത് എത്തി.

രണ്ടര മണികൂർ നീണ്ട പരിശ്രമം

ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലണ് അരുണിന്റെ മൃതദേഹം പുറത്തെടുക്കാനായത്. അരുണിന്റെ ഒരു കാൽ മാത്രമാണ് പുറത്തേക്ക് കാണാനായത്. കണ്ടിംഗ് മെഷീന്റെ സഹായത്തോടെ കോൺക്രീറ്റ് ഭാഗങ്ങൾ മാറിച്ച് നീക്കം ചെയ്താണ് മൃതദേഹം പുറത്തെടുത്തത്.

പൊലീസ് കേസെടുത്തു

മേൽക്കൂര തകർന്ന് യുവാവ് മരിക്കാനിടയായ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

ആവശ്യത്തിന് കമ്പിയും സിമന്റും ഉപയോഗിക്കാതെയാണ് അപകടം നടന്ന വീടിന്റെ മേൽക്കൂര നിർമ്മിച്ചിരിക്കുന്നതെന്ന് പ്രാഥമിക നിരീക്ഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. റവന്യൂ വകുപ്പും പഞ്ചായത്തും കൂടുതൽ അന്വേഷണം നടത്തും.

ഉച്ചഭക്ഷണം കഴിഞ്ഞ് മടങ്ങിയത് മരണത്തിലേക്ക്

അരുണിനെ കൂടാതെ മറ്റ് ചിലരും ജോലിയിൽ ഉണ്ടായിരുന്നു. ഇവർ ഉച്ചയൂണിന് പോയ നേരമാണ് അപകടം നടന്നത്. അതിനാൽ കൂടുതൽ ആളപായം ഉണ്ടായില്ല. ഉൗണ് കഴിഞ്ഞ് എത്തിയ അരുൺ മറ്റുള്ളവർ വരാൻ കാത്തുനിൽക്കാതെ ജോലിക്ക് കയറുകയായിരുന്നു. താഴത്തെ നിലയിൽ ടൈൽ പണിക്കാർ ഉണ്ടായിരുന്നു.