07-kuttumon-colony1
കലഞ്ഞൂർ കുറ്റുമൺ കോളനി

കലഞ്ഞൂർ: വെള്ളത്തെ പേടിയാണ് കലഞ്ഞൂർ കുറ്റുമൺ കോളനി നിവാസികൾക്ക്. മഴയിൽ കലഞ്ഞൂർ വലിയതോടു കരകവിഞ്ഞാൽ കുറ്റു മണ്ണിലെ എല്ലാവീടുകളിലും വെള്ളം കയറും വർഷങ്ങളായുള്ള ഇവിടുത്തെ അവസ്ഥയാണിത്. ഓരോ മഴയും കുറുമൺ കാർക്ക് പേടിസ്വപ്നമായി മാറുകയാണ്. കലഞ്ഞൂരിലെ പഴയകാല ഇഷ്ടിക ചൂളകൾക്ക് ചെളിമണ്ണു ശേഖരിച്ചിരുന്ന ഏലായിരുന്നു ഇവിടം. ആകെ ഏഴു കുടുംബങ്ങളാണ് കോളനിയുള്ളത്. കലഞ്ഞൂർ വലിയ തോട് കരകവിഞ്ഞാൽ വീടുകളുടെ പകുതിഭാഗം വെള്ളം കയറും. എല്ലാമഴക്കാലത്തും വെള്ളം കയറുമ്പോൾ കോളനി നിവാസികളെ കലഞ്ഞൂർ ഗവ.എൽ.പി.സ്‌കൂളിലെ ദുരിതശാസ ക്യാമ്പിലേക്ക് മാറ്റുകയാണ് പതിവ്. ഇത്തവണ രണ്ടു തവണയാണ് കോളനി നിവാസികളെ ക്യാമ്പിലേക്ക് മാറ്റിയത്. വലിയതോടിനു കുറുകെ കുറ്റുമണ്ണിലേക്ക് പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ശ്രീഭവനത്തിൽ മോഹനൻ, ആലുനിൽക്കുന്നതിൽ രതീഷ്, ശോഭ ഭവനിൽ പൊടിയമ്മ, കല്ലുവെട്ടാംകുഴി ഗോപാലകൃഷ്ണൻ, ചിഞ്ചു ഭവനിൽ ചെല്ലമ്മ, രേഖ ഭവനിൽ ഓമനക്കുട്ടൻ, മീനു ഭവനിൽ ഷീജ എന്നി വീട്ടുകാരാണ് ഏറെ ദുരിതത്തിൽ കഴിയുന്നത്. വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും ഇവരുടെ വീടുകളിലേക്ക് കയറും.

തോടിനു കുറുകെ അപകടം നിറഞ്ഞ് തെങ്ങുതടിപ്പാലം

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്ന് കോളനിയിലേക്ക് പോകാൻ വലിയതോടിനു കുറുകെ തെങ്ങു തടിയുപയോഗിച്ചു കോളനി നിവാസികൾ നിർമ്മിച്ച നടപ്പാലം മാത്രമാണിവിടെയുള്ളത്. കൂടൽ വലിയ പള്ളിയുടെ സമീപത്തുള്ള പാലത്തിലൂടെ കോളനിയിലെത്തണമെങ്കിൽ ഒരു കിലോമീറ്റർ നടക്കണം.

വാഗ്ദനങ്ങൾ നൽകി ; പാലിച്ചില്ല

പന്ത്രണ്ടു വർഷങ്ങൾക്ക് മുൻപ് നാല് സെന്റ് വീതം വസ്തുവും, വീടും നൽകിയാണ് കലഞ്ഞൂർ പഞ്ചായത്ത് ഭരണസമിതി ഇവരെ ഇവിടെ താമസിപ്പിച്ചത് അന്ന് വഴിയുൾപ്പെടെയുള്ള സൗകര്യങ്ങൾ വാഗ്ദാനം ചെയ്‌തെങ്കിലും നടന്നില്ല. മഹാപ്രളയ സമയത്ത് ഇവിടുത്തെ വീടുകളുടെ മേൽക്കൂര വരെ വെള്ളം കയറിയിരുന്നു. ജില്ലാ കളക്ടർ അടക്കമുള്ളവർ എത്തി ഇവരുടെ ദുരിത ജീവിതം അന്ന് കണ്ടിരുന്നു. അഗ്‌നി സുരക്ഷാസേനയെത്തിയാണ് അന്ന് ഇവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്മാറ്റിയത്. നിലവിലെ തെങ്ങുതടിയിലുള്ള പാലത്തിൽ കുട്ടികൾക്കും പ്രായമായവർക്കും ഞാണിൻമേൽ കളിയാണ് മറുകരകടക്കൽ.