ചെങ്ങന്നൂർ : കൊവിഡ് കാലത്ത് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനുള്ള സൗകര്യമൊരുക്കി മന്ത്രി സജി ചെറിയാൻ. മണ്ഡലത്തിലെ ഏഴ് വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിനുള്ള അസൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് സ്മാർട്ട് ഫോൺ ലഭിക്കുന്നതിനുള്ള വഴി തുറന്നത്. മന്ത്രി ശിവൻകുട്ടി ചെങ്ങന്നൂർ എം.എൽ.എ കൂടിയായ മന്ത്രി സജി ചെറിയാനെ വിവരം അറിയിക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം വിതരണത്തിനായി മന്ത്രി ശിവൻകുട്ടിയെ സജി ചെറിയാൻ ക്ഷണിച്ചു.ക്ഷണം സ്വീകരിച്ച് മന്ത്രി വി.ശിവൻകുട്ടി ഞായറാഴ്ച്ച കൊഴുവല്ലൂരിലെ സജി ചെറിയാന്റെ വസതിയിൽ എത്തി മൊബൈൽ ഫോണുകൾ കുട്ടികൾക്ക് കൈമാറി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ.പി വർഗീസ്, ജില്ലാ പഞ്ചായത്തംഗം ഹേമലത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.