ചെങ്ങന്നൂർ : നിയോജക മണ്ഡലത്തിലെ പ്രായിക്കര ഫിഷ് ലാൻഡിംഗ് കേന്ദ്രത്തിന് 1.33 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇതിൽ 126.94 ലക്ഷം രൂപ നബാർഡ് വായ്പയും 6.68 ലക്ഷം രൂപ സംസ്ഥാന സർക്കാർ വിഹിതവുമാണ്. പ്രദേശത്തെ ഉൾനാടൻ മത്സ്യബന്ധനത്തെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. മത്സ്യം കരയ്ക്കടുപ്പിക്കാനുള്ള സൗകര്യത്തിനായി തീരത്തോട് ചേർന്ന് ലാൻഡിംഗ് കെട്ടും. ശുചിത്വ പൂർണ്ണമായി മത്സ്യം കൈകാര്യം ചെയ്യുന്നതിന് ലേലപ്പുര നിർമ്മിക്കും. ലേലപ്പുരയുടെ മുകളിലായി ഹാൾ, വിശ്രമമുറി, മറ്റു സൗകര്യങ്ങൾ എന്നിവ നിർമ്മിക്കും.പ്രവർത്തി ആരംഭിക്കുന്നതിന് മുന്നോടിയായി ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സ്ഥല സന്ദർശനത്തിന് ശേഷം പൊതു ജനങ്ങളുടെയും ഗുണഭോക്താക്കളുടെയും അഭിപ്രായം രൂപീകരിച്ച് വിശദമായ എസ്റ്റിമേറ്റ് തയാറാക്കും. പ്രവർത്തി ഉടനടി ടെൻഡർ ചെയ്ത് ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി മണ്ണ് പരിശോധന അടുത്ത ആഴ്ച ആരംഭിക്കും.