കോന്നി: പുനലൂർ-മൂവാറ്റുപുഴ കെ.എസ്.ടി.പി. റോഡ് നിർമ്മാണം മന്ത്രി അഡ്വ.മുഹമ്മദ് റിയാസ് സന്ദർശിച്ച് വിലയിരുത്തി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയോടൊപ്പം കോന്നി നിയോജക മണ്ഡലത്തിലുൾപ്പെട്ട ഭാഗങ്ങളാണ് മന്ത്രി സന്ദർശിച്ച് വിലയിരുത്തിയത്. സന്ദർശനത്തിനു ശേഷം കോന്നി ഫോറസ്റ്റ് ഐ.ബി.യിൽ ഉദ്യോഗസ്ഥ തല യോഗവും ചേർന്നു.റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ പ്രാദേശികമായി ഉയർന്നിരുന്നു. പരാതികൾ മന്ത്രി നേരിട്ട് പരിശോധിച്ചു. റോഡ് നിർമ്മാണം വേഗത്തിലാക്കണമെന്ന് മന്ത്രി കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.നിർമ്മാണം കരാർ കാലയളവിൽ തന്നെ പൂർത്തിയാക്കണം. ജനങ്ങക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത നിലയിൽ നിർമ്മാണം ക്രമീകരിക്കാൻ ശ്രദ്ധിക്കണം. മൈലപ്ര- ഉതിമൂട് ഭാഗത്ത് ഓട നിർമ്മിക്കാത്തതുമൂലം വീടുകളിലേക്ക് വെള്ളം ഒഴുകി എത്തുന്നെന്ന പരാതി ഉയർന്നിരുന്നു. ഉടൻ പരിഹാരം കാണണമെന്ന് മന്ത്രി നിർദ്ദേശം നല്കി. പുളിമുക്ക് ഭാഗത്ത് റോഡ് ഉയർത്തുന്നതും, താഴ്ത്തുന്നതും സംബന്ധിച്ച പരാതികളും മന്ത്രി പരിശോധിച്ചു.വെള്ളക്കെട്ടുണ്ടാകാത്ത നിലയിൽ ശാസ്ത്രീയമായി വേണം നിർമ്മാണം നടത്താനെന്ന് നിർദ്ദേശം നല്കി. ഓരോ പരാതികളും ഗൗരവമായി എടുത്ത് പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി. പരാതി പരിഹരിക്കാൻ എല്ലാ മാസവും എം.എൽ.എ പങ്കെടുത്ത് ഉദ്യോഗസ്ഥ തല യോഗം ചേരണമെന്നും യോഗത്തിൽ തീരുമാനിച്ചു.
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ നരസിംഹു ഗാരി തേജ് റഡ്ഡി,മൈലപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ,കെ.എസ്.ടി.പി ചീഫ് എൻജിനിയർ കാർമലിറ്റ ഡിക്റൂസ്, സൂപ്രണ്ടിംഗ് എൻജിനിയർ ബിന്ദു,എക്‌സിക്യൂട്ടീവ് എൻജിനിയർ ജാസ്മിൻ, അസി എക്‌സിക്യൂട്ടീവ് എൻജിനിയർ റോജി വർഗീസ്, പ്രൊഫ.ടി.കെ.ജി നായർ, പി.ജെ.അജയകുമാർ, എൻ.സജികുമാർ, ശ്യാംലാൽ, സംഗേഷ്.ജി.നായർ തുടങ്ങിയവർ യോഗത്തിലും, സന്ദർശനത്തിലും പങ്കെടുത്തു.