puncha
നെൽകൃഷി പൂർണ്ണമായും നശിച്ച കുടശ്ശനാട് തോണ്ടുകണ്ടം പുഞ്ച

കുടശ്ശനാട് : കൊയ്യാൻ പാകത്തിന് നിറകതിരണിഞ്ഞുകിടന്ന പുഞ്ചയിലേക്ക് ഓർക്കാപ്പുറത്ത് ഇരച്ചുകയറിയ വെള്ളത്തിൽ മുങ്ങിയത് കർഷകരുടെ മോഹവും തകർന്നത് ഹൃദയതാളവും. അപ്പർ കുട്ടനാടിന്റെ ഭാഗമായ കുടശനാട് തോണ്ടുകണ്ടം പുഞ്ചയിലെ പത്ത് ഏക്കറോളം സ്ഥലത്തെ നെൽകൃഷിയാണ് പൂർണമായും നശിച്ചത്. മൂപ്പെത്താൻ കേവലം ഒരാഴ്ചമാത്രം ശേഷിക്കേയാണ് ഓർക്കാപ്പുറത്ത് ശക്തമായി പെയ്തിറങ്ങിൽ വേനൽമഴയെ തുടർന്ന് അച്ചൻകോവിലാർ കരകവിഞ്ഞ് പുഞ്ചയിലേക്ക് വെള്ളം ഇരച്ചുകയറിയത്. കൊയ്ത്തു തുടങ്ങുന്നതിനായി കൊയ്ത്ത് യന്ത്രം ഉൾപ്പെടെ സ്ഥലത്തെത്തിച്ചിരുന്നു. കുടശനാട് മുകളിൽ വീട്ടിൽ ഹക്സലാലിന് മാത്രം നഷ്ടമായത് അഞ്ച് ഏക്കർ സ്ഥലത്തെ നെൽക്കൃഷിയാണ്. ഇതുപോലെ വർഗീസ് മാത്യൂ എന്ന കർഷകനും ഉണ്ടായി. ഹക്സലാലിന് ഏറ്റവും കുറഞ്ഞത് രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. 27.80രൂപ നിരക്കിലായിരുന്നു ഒരുകിലോ നെല്ല് വിൽക്കുന്നതിന് മില്ലുകളുമായി ധാരണയിലെത്തിയത്. ഏറ്റവും കുറഞ്ഞത് 500 കിലോ നെല്ല് വെള്ളത്തിനടിയിലായി.

മഴ വില്ലനായി,​ ഒരുമണിപോലും കൊയ്തെടുക്കാനായില്ല

കൃഷിഭവന്റെ സഹായത്തോടെ ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷിചെയ്തത്. കാലവർഷത്തിന് മുൻപ് കൊയ്തെടുക്കുക എന്നതായിരുന്നു പ്രതീക്ഷ. കാലാവസ്ഥാ വ്യതിയാനവും കൊയ്ത്ത് യന്ത്രം ലഭിക്കുന്നതിനുണ്ടായ കാലതാമസവുമാണ് കൊയ്ത്ത് വൈകാൻ ഇടയാക്കിയത്. ഓർക്കാപ്പുറത്ത് അച്ചൻകോവിൽ നദി കരകവിഞ്ഞ് പുഞ്ചയിലേക്ക് വെള്ളം കയറുകയായിരുന്നു. ഇതോടെ നെൽകൃഷി പൂർണമായും വെള്ളത്തിനടിയിലായി. ദിവസങ്ങളോളം പുഞ്ചയിൽ വെള്ളം കെട്ടിനിന്നതോടെ ഒരു കതിർമണിപോലും കൊയ്തെടുക്കാൻ കഴിയാത്തവിധം പൂർണമായും നശിച്ചു. വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണെങ്കിലും അതുവഴി ലഭിക്കുന്ന നഷ്ടപരിഹാരം ഒന്നിനും പരിഹാരമാകില്ലെന്നും കർഷകർ പറയുന്നു.

ഏത്രശക്തമായ മഴപെയ്താലും ജലനിർഗമനം സാദ്ധ്യമാകുന്ന പുഞ്ചയാണ് തോണ്ടുകണ്ടം. ആറ് കരകവിഞ്ഞതാണ് പ്രതീക്ഷകളെ തകിടംമറിച്ചത്. ഇതോടെ നെൽകൃഷി പൂർണമായും നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായത് കണക്കിലെടുത്ത് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചില്ലെങ്കിൽ അടുത്ത തവണ കൃഷിയിറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകും.

ഹക്സലാൽ‌,

കർഷകൻ

- പത്ത് ഏക്കറോളം സ്ഥലത്തെ നെൽക്കൃഷി നശിച്ചു

-500 കിലോ നെല്ല് വെള്ളത്തിനടിൽ