അടൂർ : സുപ്രീംകോടതി വിധിയെ തുടർന്ന് നിലച്ചുപോയ അടൂരിന്റെ പ്രാദേശിക കാർഷിക ഉത്സവമായ ആനന്ദപ്പള്ളി മരമടി പുനരാരംഭിക്കുന്നതിനായി സമയബന്ധിതമായി നിയമനിർമ്മാണം അനിവാര്യമാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സഭയിൽ ആവശ്യപ്പെട്ടു. ബഡ്ജറ്റ് ചർച്ചാവേളയിലെ തന്റെ പ്രഥമ പ്രസംഗത്തിലാണ് ഡെപ്യൂട്ടി സ്പീക്കർ ഈ വിഷയം ഉന്നയിച്ചത്. ഇക്കഴിഞ്ഞ പതിനാലാം കേരള നിയമസഭയിൽ നിയമമന്ത്രി, കൃഷി, മൃഗസംരക്ഷണം എന്നീ മന്ത്രിമാരെല്ലാം നിയമ നിർമ്മാണം സാദ്ധ്യമാക്കാം എന്ന് തനിക്ക് ഉറപ്പു നൽകിയും നിയമനിർമ്മാണം പ്രാരംഭപുരോഗതിയിലാണെന്നും ഡെപ്യൂട്ടി സ്പീക്കർ സൂചിപ്പിച്ചു. നിയമസഭയിൽ നിയമനിർമ്മാണം നടത്തിയാൽ മാത്രമേ മത്സരം പുനരാരംഭിക്കാൻ കഴിയൂ എന്നും തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങൾ ഇത്തരത്തിൽ നിയമനിർമ്മാണം നടത്തിയതുവഴി നിലച്ചുപോയ കാർഷികമേഖലയുമായി ബന്ധപ്പെട്ട ജല്ലിക്കെട്ട് ഉൾപ്പെടെയുള്ള മത്സരങ്ങൾ പുനരാരംഭിക്കാൻ കഴിഞ്ഞതായും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.