പത്തനംതിട്ട : സഹജീവി സ്‌നേഹം ഓരോ മനുഷ്യരുടെയും കടമയാണന്നും പരസ്പര സഹകരണത്തിലൂടെ ആ കടമ നിറവേറ്റണമെന്നും ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി പറഞ്ഞു. ഇലവുംതിട്ട ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട പുനർജ്ജനി സുരക്ഷാ കൂട്ടായ്മക്ക് സഹായമേകുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പൊലീസ് മേധാവി. കൊവിഡ് മഹാമാരി കാലത്ത് വിശന്നിരിക്കുന്നവയറുകൾക്ക് ഭക്ഷണമെത്തിക്കുന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമെന്ന് അവർ പറഞ്ഞു. കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിലുള്ള സ്ഥാപനം ലോക്ഡൗൺ കാലത്ത് ബുദ്ധിമുട്ടിലാണന്നറിഞ്ഞ് സ്‌നേഹപൂർവം പദ്ധതിയിലുൾപ്പെടുത്തിയാണ് പൊലീസ് സഹായമേകിയത്. ഇലവുംതിട്ട എസ്എച്ച്ഒ എം.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് അസോസിയേഷൻ ജില്ലാ ജോയിൻ സെക്രട്ടറി കെ.എസ് സജു, എസ് ശ്രീജിത്ത്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷ, ആർ. പ്രശാന്ത്, താജുദീൻ,പുനർജനി ഭാരവാഹികളായ ലേഖ, ലിതിൻ ഏബ്രഹാം, രാജീവ്കുമാർ എന്നിവർ നേതൃത്വം നല്കി.