തിരുവല്ല: കുറ്റിപ്പുല്ലും പായലും തിങ്ങിവളർന്ന് പച്ചപ്പരവതാനി വിരിച്ചപോലെയായി പനങ്കുഴി തോട്. മഴക്കാലത്ത് നിറഞ്ഞൊഴുകിയിരുന്ന തോട്ടിൽ വെള്ളം കാണാനേയില്ല. ഇരുവശങ്ങളിലെയും മരങ്ങളും മറ്റും തോട്ടിലേക്ക് ചാഞ്ഞുകിടക്കുകയാണ്. തോട്ടിലൂടെ ഇറങ്ങി നടക്കാമെന്നും നാട്ടുകാർ പറയുന്നു. തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് കടന്നുപോകുന്ന തോടിന്റെ ഇപ്പോഴത്തെ സ്ഥിതി അതിദയനീയമാണ്. എം.സി.റോഡിന്റെ കിഴക്ക്ഭാഗത്ത് നിന്നും പാടശേഖരങ്ങൾക്ക് നടുവിലൂടെ ഒഴുകി പന്നിക്കുഴിയിലൂടെ ചാലക്കുഴിയും കടന്ന് ചന്തത്തോട്ടിൽ എത്തിച്ചേരുന്ന തോടാണിത്. നഗരസഭയുടെ 31,38,39 വാർഡുകളിലൂടെയും പെരിങ്ങര പഞ്ചായത്തിലെ 6,7 വാർഡുകളെയും തോട് ബന്ധിപ്പിക്കുന്നു. ചിലഭാഗങ്ങളിൽ നല്ല വീതിയുണ്ടെങ്കിലും മറ്റിടങ്ങളിൽ ശോഷിച്ച നിലയിലാണ്. തോടിന്റെ സുഗമമായ നീരൊഴുക്കിനെ തടസപ്പെടുത്തിയ അശാസ്ത്രീയ നിർമ്മാണങ്ങളും തോടിന്റെ നാശത്തിന് ആക്കംകൂട്ടി. പാലങ്ങൾ നിർമ്മിക്കുമ്പോൾ ഇരുവശങ്ങളിലും സ്ഥാപിക്കുന്ന മുട്ടുകൾ പണികഴിഞ്ഞു പൂർണമായി നീക്കാത്തതും വിനയായി.

കൈയേറ്റവും വ്യാപകം


പായലും പോളയും നീക്കി ശുചീകരണം യഥാസമയം നടക്കാത്തതിനാൽ തോടിന്റെ വശങ്ങളിൽ കൈയേറ്റവും വ്യാപകമാണ്. മാലിന്യം തള്ളൽ പതിവായതോടെ ദുർഗന്ധം രൂക്ഷമായി. നീരൊഴുക്ക് തടസപ്പെട്ടതിനാൽ മുത്തൂർ, ചാലക്കുഴി, പന്നിക്കുഴി ഭാഗങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ടിന്റെ പ്രശ്നങ്ങൾ തുടരുന്നു. മൂന്ന് വർഷം മുമ്പ് തോടിന്റെ ആഴംകൂട്ടിയപ്പോൾ വാരിക്കൂട്ടിയ ചെളിയും മറ്റും തോടിന്റെ വശങ്ങളിലെ റോഡരുകിൽ നിക്ഷേപിക്കുകയായിരുന്നു. എന്നാൽ റോഡരുകിൽ കൂട്ടിയിട്ടിരുന്ന ചെളിയെല്ലാം മഴയിൽ വീണ്ടും തോട്ടിലേക്ക് ഒഴുകിയെത്തിയതും മാലിന്യം നിറയാൻ കാരണമായി.

-നഗരസഭയുടെ 31,38,39 വാർഡുകളിലൂടെയും പെരിങ്ങര പഞ്ചായത്തിലെ 6,7 വാർഡുകളെയും ബന്ധിപ്പിക്കുന്ന തോട്

-തോടിന്റെ വശങ്ങളിൽ കൈയേറ്റം

-മാലിന്യം തള്ളൽ വ്യാപകം

-അശാസ്ത്രീയ നിർമ്മാണം