റാന്നി: വന്യമൃഗശല്യം മൂലം ബുദ്ധിമുട്ടുന്ന മലയോര മേഖലയിലെ കർഷകർക്ക് ദ്രോഹമായി വനംവകുപ്പിന്റെ നിലപാടും. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ കുടമുരുട്ടി, കുരുമ്പൻമൂഴി മേഖലകളിലാണ് കർഷകർ വലയുന്നത്.

പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പ് ഉദ്യോഗസ്ഥർ അടിസ്ഥാന രഹിതമായ നിയമം പറഞ്ഞു തടസ്സം ഉന്നയിക്കുന്നതായാണ് പരാതി. 1964 ലെ ലാൻഡ് അസൈൻമെന്റ് റൂൾ അനുസരിച്ചാണ് ഈ മേഖലയിൽ തടിവില. തറവില കെട്ടിവച്ചാണ് പട്ടയങ്ങൾ കൊടുത്തിരിക്കുന്നത്. 1947 നും മുമ്പ് കൈവശമുള്ള ഭൂമിയാണ് പലരുടേയും കയ്യിലുള്ളത്. ഇത്രയും നാൾ കർഷകരുടെ കൈവശമുള്ള പട്ടയമുള്ള കരമടയ്ക്കുന്ന ഭൂമിയിൽ നിന്ന് മരം മുറിക്കുന്നതിനാണ് വനം വകുപ്പ് അനുമതി നൽകാത്തത്. പട്ടയഭൂമിയിലെ തടി മുറിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ നിലവിലുണ്ടായിരുന്ന നിയമം 1986ലെ കേരള പ്രിസർവേഷൻ ഓഫ്‌ ട്രീ ആക്ടാണ്. ഈ നിയമത്തിൽ ട്രീ എന്ന് എടുത്തു പറഞ്ഞിരിക്കുന്നത് 10 തരം മരങ്ങളെയാണ്. തേക്ക്,ഈട്ടി, ചന്ദനം,കമ്പകം. ചെമ്പകം. ചടച്ചി. ചീനി, ചന്ദനം വേമ്പ്,ഇരുൾ,തേമ്പാവ് എന്നീ മരങ്ങളാണ് അവ. ഈ മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി വേണം എന്ന് നിയമത്തിൽ ഉണ്ട്. കേരളത്തിലെ നോട്ടീഫൈ ചെയ്ത ഏകദേശം 50 വില്ലേജുകളിൽ മാത്രമാണ് അത് ബാധകം. മറ്റു വില്ലേജുകളിൽ അനുമതി വേണ്ട. നാറാണംമൂഴി പഞ്ചായത്തിലെ അത്തിക്കയം വില്ലേജ് നോട്ടീഫൈ ചെയ്യപ്പെട്ട വില്ലേജുകളിൽപ്പെടുന്നില്ല.

2014 ൽ ജനകീയ കർഷിക സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പത്തു വില്ലേജുകളിലെ ഏകദേശം ഒരു ലക്ഷത്തോളം വരുന്ന കർഷകർ സമരം നടത്തിയതിന്റെ ഫലമായി തേക്ക്. ഈട്ടി ഒഴികെയുള്ള മറ്റു മരങ്ങൾ മുറിക്കാനുള്ള തടസ്സങ്ങൾ നീങ്ങിയിരുന്നു . വീണ്ടും ആ തടസ്സങ്ങൾ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ് വനം വകുപ്പ്. ഈ ജനദ്രോഹ നടപടികളിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്രയും വേഗം പിന്തിരിയണമെന്നും എം.എൽ.എ , പ്രശ്നം നിയമസഭയിൽ ഉന്നയിക്കണമെന്നുമാണ് കർഷകരുടെ ആവശ്യം

------------------

- ഇല്ലാത്ത നിയമം പറഞ്ഞ് തടസ്സങ്ങൾ ഉന്നയിച്ച് കർഷകർക്ക് കൃഷി ചെയ്തു ജീവിക്കാൻ പറ്റാത്ത സാഹചര്യങ്ങളിലേക്ക് അവരെ തള്ളിവിടുന്ന വനം വകുപ്പിന്റെ നടപടികൾ എത്രയും വേഗം അവസാനിപ്പിക്കണം

ജോൺ മാത്യു ചക്കിട്ടയിൽ

ജില്ലാ ജനകീയ കർഷക സമിതി