ചെങ്ങന്നൂർ: നീങ്ങിത്തുടങ്ങിയ ട്രെയ്‌നിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ വീണ യുവാവിനെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.15ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. കോട്ടയത്ത് എൻജിനിയറിംഗ് വിദ്യാർത്ഥിയായ ആറൻമുള വടക്കനൂട്ടിൽ പ്രദീക് (21)നെയാണ് കോട്ടയം റെയിൽവേ സീനിയർ പൊലീസ് ഓഫീസറായ സീൻകുമാർ രക്ഷപ്പെടുത്തിയത്. ന്യൂഡൽഹി കേരള എക്‌സ് പ്രസ് ട്രെയിനിൽ ബന്ധുവായ യാത്രക്കാരന്റെ ലഗേജുകൾ കയറ്റിയശേഷം തിരികെ ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ട്രെയിൻ നീങ്ങിതുടങ്ങിയിരുന്നു. ചാടിയിറങ്ങിയപ്പോൾ കമ്പാർട്ട്‌മെന്റിനും റെയിൽവേ പ്ലാറ്റ് ഫോമിനും ഇടയിൽ വീഴുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന സീൻകുമാർ പെട്ടെന്ന് പ്രദീപിനെ വലിച്ചു കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു. നിസാര പരുക്കുകളോടെ പ്രദീക് രക്ഷപ്പെട്ടു.