cattle

കടമ്പനാട് : കുളമ്പുരോഗ ഭീഷണിയും കാലിത്തീറ്റ വിലവർദ്ധനവും ക്ഷീരമേഖലയെ വൻ പ്രതിസന്ധിയിലാക്കി. കൊവിഡ് കാരണം ഒരു വർഷമായി ജില്ലയിൽ പ്രതിരോധ കുത്തിവയ്പ് മുടങ്ങിയതാണ് കുളമ്പ് രോഗത്തിന് കാരണമാകുന്നത്. ആറ് മാസത്തിൽ ഒരിക്കലാണ് കുത്തിവയ്പ്പെടുക്കേണ്ടത്.

ഇതുവരെ 622 കന്നുകാലികൾക്ക് കുളമ്പുരോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാർച്ചിൽ കടമ്പനാട് പഞ്ചായത്തിലെ മണ്ണടിയിൽ ഒരു വീട്ടിലെ ആറ് പശുക്കളിൽ രോഗബാധയുണ്ടായി. രോഗബാധ കണ്ടെത്തിയ പ്രദേശത്തു നിന്ന് രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള കന്നുകാലികൾക്ക് റിംഗ് വാക്സിനേഷൻ അടിയന്തരമായി ലഭ്യമാക്കിയതിനാൽ രോഗപ്പകർച്ച തടയാനായി. 1140 പശുക്കൾക്കാണ് റിംഗ് വാക്സിനേഷൻ നൽകിയത്.

കാലിത്തീറ്റയ്ക്കുണ്ടായ വിലവർദ്ധനവും കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. 50 കിലോയുള്ള ഒ.കെ കാലിത്തീറ്റയ്ക്ക് രണ്ട് മാസത്തിനിടെ 85 രൂപ വർദ്ധിച്ചു. ഗോതമ്പ് തവിടിന് കിലോയ്ക്ക് 3രൂപയും പരുത്തിക്ക് 6 രൂപയും കടലപിണ്ണാക്കിന് 5 രൂപയും വർദ്ധിച്ചു. വൈക്കോലും കിട്ടാനില്ല. ഉള്ളയിടങ്ങളിൽ ഒരു കെട്ടിന് 260 രൂപയിൽ നിന്ന് 300 - 310 രൂപയായി വർദ്ധിച്ചു.

കൊല്ലം, ആലപ്പുഴ ജില്ലകളിൽ കുളമ്പുരോഗം പടരുന്നതും ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. ഇൗ ജില്ലകളോട് അതിർത്തി പങ്കിടുന്ന പള്ളിക്കൽ പഞ്ചായത്തിലാണ് കന്നുകാലികൾ കൂടുതൽ ഉള്ളത്.

3087കന്ന് കാലികളാണ് ഇവിടെയുള്ളത്.

ഒരു ലക്ഷം ഡോസ് വാക്സിൻ വാങ്ങും

കേന്ദ്ര സർക്കാരാണ് വാക്സിൻ അനുവദിക്കേണ്ടത്. കുളമ്പ് രോഗം പടരുന്ന സാഹര്യത്തിൽ ഒരു ലക്ഷം ഡോസ് വാക്സിൻ വാങ്ങാനാണ് സംസ്ഥാന സർക്കാർ തീരുമാനം. ഇത് രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശത്തിന്റെ രണ്ടര കിലോമീറ്റർ ചുറ്റളവിലുള്ള

കന്നുകാലികൾക്ക് പ്രതിരോധമായി കുത്തിവയ്ക്കും.

തിരുവല്ല നഗരസഭയിലും പെരിങ്ങര, നെടുമ്പ്രം , നിരണം, കടപ്ര, കുറ്റൂർ, അയിരൂർ , എഴുമറ്റൂർ, ഇരവിപേരൂർ, കലഞ്ഞൂർ , കടമ്പനാട് , ആനിക്കാട്, അരുവാപ്പുലം, കോഴഞ്ചേരി, കോയിപ്രം എന്നീ പഞ്ചായത്തുകളിലുമാണ് കുളമ്പുരോഗം റിപ്പോർട്ട് ചെയ്തത്.

ജില്ലയിൽ ആകെയുള്ള കന്നുകാലികൾ - 64,441

കൂടുതൽ പള്ളിക്കൽ പഞ്ചായത്തിൽ - 3087.

കുറവ് കോഴഞ്ചേരിയിൽ - 453

രോഗംബാധിച്ച കന്നുകാലികൾ

പശുക്കൾ - 517, ഏരുമ - 6, കിടാക്കൾ - 52, കിടാരികൾ - 47.

ജില്ലയിൽ മാർച്ചിലാണ് ആദ്യമായി കുളമ്പ് രോഗം റിപ്പോർട്ട് ചെയ്തത്. രോഗം പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

എബി കെ. എബ്രഹാം പി.ആർ.ഒ (ചാർജ് )

ജില്ലാ മൃഗസംരക്ഷണ ഓഫീസ് പത്തനംതിട്ട ,