പത്തനംതിട്ട : സ്‌കൂൾ വിദ്യാർത്ഥികൾക്ക്ഓൺലൈൻ ക്ലാസ് തുടങ്ങിയതോടെ നെറ്റ് വർക്ക് പരാതിയും വർദ്ധിക്കുകയാണ്. പലപ്പോഴും ക്ലാസ് നടക്കുമ്പോൾ നെറ്റ് വർക്ക് നഷ്ടമാകുന്ന അവസ്ഥയിലാണ് വിദ്യാർത്ഥികൾ . പഠിക്കാൻ വീണ്ടും അദ്ധ്യാപകരെ വിളിക്കേണ്ട സ്ഥിതിയാണ്. വേഗത കുറയുന്നതിനാൽ കൃത്യസമയത്ത് കേൾക്കാൻ കഴിയാത്തത് പഠനത്തെ അലോസരപ്പെടുത്തുന്നുണ്ട്. വിദ്യാർത്ഥികളിൽ പലരും അദ്ധ്യാപകരെ വീണ്ടും വിളിക്കാൻ മടിക്കുകയും ചെയ്യും. നെറ്റ്വർക്ക് പ്രശ്നം വിദ്യാർത്ഥികളിലും അദ്ധ്യാപകരിലും വലിയ മടുപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ പരിമിതികൾക്കിടയിൽ നിന്നാണ് ഇരുവിഭാഗവും ഓൺലൈൻ ക്ലാസിലെത്തുന്നത്. കാലാവസ്ഥയിലെ മാറ്റങ്ങളും നിരവധിയായി ഉണ്ടാകുമ്പോൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ് ചെയ്യുന്നത്. ഓൺ ലൈൻ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടൊപ്പം, മൊബൈൽ കമ്പനികളിൽ നിന്നും പുതിയ സ്റ്റുഡന്റ് പ്ലാൻ അനുവദിക്കണമെന്നും, താരീഫ് നിരക്ക് കുറച്ചു കൊണ്ടു വരണമെന്നും ഓൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി റെജി മലയാലപ്പുഴ വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. എല്ലാ മേഖലയിലും സിഗ്‌നൽ ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾ അടിയന്തര പ്രാധാന്യം നൽകി നിർവഹിക്കാൻ ടെലികോം നെറ്റുവർക്കുകളെ പ്രേരിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.