09-road-konni-reach
പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത വികസനത്തിന്റെ ഭാഗമായി കൂടൽ ഗാന്ധി ജംഗ്ഷനു സമീപത്തെ വളവിലെ മൺതിട്ട ഇടിച്ച് നിരപ്പാക്കിയ നിലയിൽ

കൂടൽ: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പുനലൂർ മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പുനലൂർ, പത്തനാപുരം, കലഞ്ഞൂർ, കൂടൽ, വകയാർ മേഖലകളിലെ പണികൾ നടക്കുകയാണ്. റോഡിന് വീതികൂട്ടാൻ ഏറ്റെടുത്തിട്ടുള്ള ഉയരമുള്ള പ്രദേശങ്ങളിലെ മണ്ണ് മാറ്റിക്കഴിഞ്ഞു ഓട നിർമ്മാണമാണ് പ്രധാനമായും ഇപ്പോൾ നടക്കുന്നത്. പുനലൂർ മുക്കട ജംഗ്ഷനിൽ രണ്ടിടത്തും കൂടൽഗാന്ധി ജംഗ്ഷന് സമീപവുമാണ് ഉയരമുള്ള പ്രദേശത്തെ മണ്ണുമാറ്റിയത്. പുനലൂർ മുതൽ കോന്നി വരെയുള്ള ഭാഗങ്ങളിൽ രണ്ടായാണ് പണികൾ നടക്കുന്നത്. പുനലൂർ മുതൽ കലഞ്ഞൂർ ഒന്നാംകുറ്റിവരെയും അവിടെനിന്ന് കോന്നി വരെയും രണ്ടായി തിരിച്ചാണ് പണികൾ നടത്തുന്നത്. കലഞ്ഞൂർ ഇടത്തറ ഭാഗത്ത് നിലവിലുള്ള റോഡിൽ നിന്ന് മാറിയാണ് പുതിയ റോഡ് വരുന്നത്. കൂടൽ ഗാന്ധി ജംഗ്ഷന് സമീപം വളവിൽ ഉയരമുള്ള ഭാഗം ഇടിച്ചുനിരത്തിയാണ് റോഡ് നേരെയാക്കിയത്. കെ.എസ്. ടി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന റോഡ് വികസനത്തിൽ പതിനഞ്ചു മീറ്ററാണ് റോഡിന്റെ വീതി. ജംഗ്ഷനുകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പത്തു മീറ്റർ വീതി വരും. ക്രാഷ് ബാരിയറുകൾ , നടപ്പാതകൾ കാത്തിരിപ്പുകേന്ദ്രങ്ങൾ , ദിശ ബോർഡുകൾ സിഗ്‌നൽ സംവിധാനങ്ങൾ എന്നിവയുൾപ്പെടുത്തിയാണ് നിർമ്മാണം.സ്‌കൂൾ മേഖലകൾ പ്രതേകം തിരിച്ച് വികസിപ്പിക്കും ടൗണുകളിൽ ബസ്‌ബേയും കൈവരികളും നിർമ്മിക്കും.

-----------------

@നടക്കുന്നത് രണ്ടാംഘട്ട നിർമ്മാണം

@ പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള ഭാഗങ്ങളിലെ 82. 11 കലോമീറ്റർ വികസനം

@അടങ്കൽ തുക - 737 . 64 കോടി (കോന്നി മുതൽ പ്ലാച്ചേരി വരെ 30 . 16 കിലോമീറ്ററിന് 274 . 24 കോടി . പുനലൂർ മുതൽ കോന്നി വരെയുള്ള 29 . 84 കിലോമീറ്ററിന് 226 . 61 കോടി )​.