തണ്ണിത്തോട്: മണ്ണീറയിലെ ഇന്റർനെറ്റ് പ്രശ്‌നത്തിന് പരിഹാരമായി. മണ്ണീറ പ്രദേശത്തെ വിദ്യാർത്ഥികളുടെ പരാതിയായിരുന്നു ബി.എസ്.എൻ.എല്ലിന് നെറ്റ്‌വർക്ക് ഇല്ലാത്തത്. തലമാനത്തെ ടവറിന്റെ ജനറേറ്റർ പ്രവർത്തിക്കാത്തതു മൂലം വെദ്യുതി നിലച്ചാൽ ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും നിലച്ചിരുന്നു. ഇതിനെ തുടർന്ന് പ്രദേശത്തെ വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം തടസപ്പെട്ടിരുന്നു. നിലവിലെ സാഹചര്യം കാണിച്ചു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ ആന്റോ ആന്റണി എം.പിയെ വിവരം അറിയിച്ചതിനെ തുടർന്ന് ബി.എസ്.എൻ.എൽ ഡപ്യൂട്ടി ജനറൽ മാനേജരോട് പ്രശ്‌നം പരിഹരിക്കണമെന്ന് എം.പി. ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മണ്ണീറയിൽ സ്ഥാപിച്ചിരുന്ന ടവറിലെ പ്രവർത്തന രഹിതമായ ജനറേറ്റർ മാറ്റി പുതിയ ജനറേറ്റർ സ്ഥാപിച്ചു അറ്റകുറ്റ പണികൾ പൂർത്തീകരിച്ച് പ്രശ്‌നത്തിന് പരിഹാരം കണ്ടു.