ചെങ്ങന്നൂർ: നിർദ്ധന രോഗികളുടെ ആശ്രയമായ ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസി അടിയന്തരമായി തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ കെ.ഷിബുരാജൻ മന്ത്രി വീണാ ജോർജ്ജിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും പരാതി നൽകി. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിട നിർമ്മാണത്തെ തുടർന്ന് ജില്ലാ ആശുപത്രിയിലെ ഒ.പി. അടക്കമുള്ള പ്രധാന ഭാഗങ്ങൾ ഗവ. ബോയ്‌സ് ഹൈസ്‌കൂളിലേക്ക് മാറ്റിയിരുന്നു. ഇതോടൊപ്പം കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയും ബോയ്‌സ് ഹൈസ്‌ക്കൂളിലേക്ക് മാറ്റുന്നതിനായി മേയ് 20 മുതൽ പ്രവർത്തനം നിറുത്തി. പുതിയ കെട്ടിടത്തിലേക്ക് ഫാർമസി മാറ്റുന്നതിനായി ലൈസൻസിനുള്ള അപേക്ഷയും സമർപ്പിച്ചു. അപേക്ഷ പ്രകാരം ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി ഫാർമസി പ്രവർത്തിക്കാനുള്ള അനുമതി നൽകേണ്ടതുണ്ട്. എന്നാൽ നാളിതുവരെ പരിശോധന നടത്തിയിട്ടില്ല. രോഗികൾക്ക് മരുന്നുകൾ 20 ശതമാനം മുതൽ 90 ശതമാനം വരെ വിലക്കുറവിലാണ് ഇവിടെ നിന്നും ലഭിക്കുന്നത്. ഇത് ഏറെ ആശ്വാസമായിരുന്നു. ഫാർമസി പ്രവർത്തിക്കാത്തതിനെ തുടർന്ന് പുറത്തു നിന്നും വലിയ വിലകൊടുത്ത് മരുന്നു വാങ്ങേണ്ട ഗതികേടിലുമാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ രോഗികൾക്ക് മറ്റു വിദൂര സ്ഥലങ്ങളിൽ പോയി മരുന്നുകൾ വാങ്ങാൻ കഴിയാത്ത സ്ഥിതിയുമാണ്. അടിയന്തരമായി കാരുണ്യ ഫാർമസി തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കെ.ഷിബുരാജൻ നൽകിയ പരാതിയിൽ പറയുന്നു.