തിരുവല്ല: കായിക വിനോദങ്ങൾക്ക് വേദിയായിരുന്ന മുത്തൂർ ചാലക്കുഴി മിനി സ്റ്റേഡിയം കാടുകയറി നശിക്കുന്നു. പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം ഏറെക്കാലമായി അധികൃതരുടെ അവഗണനയിലാണ്. സ്റ്റേഡിയത്തിലാകെ കുറ്റിപ്പുല്ല് വളർന്ന് നിൽക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും സമീപവാസികൾക്ക് ഭീഷണിയായി. 1987ൽ തദ്ദേശസ്വയംഭരണ മന്ത്രി വി.ജെ. തങ്കപ്പൻ ഉദ്ഘാടനം ചെയ്ത സ്റ്റേഡിയം ഗ്രാമീണമേഖലയിലെ യുവാക്കളുടെ കായിക സ്വപ്നങ്ങൾക്ക് പുത്തൻ പ്രതീക്ഷയേകിയിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വകാര്യ വ്യക്തിയുടെ പക്കൽ നിന്നും വാങ്ങിയ സ്ഥലമാണ് സ്റ്റേഡിയത്തിനായി സജ്ജമാക്കിയത്. സ്റ്റേഡിയത്തിന്റെ 70 സെന്റ് സ്ഥലം അന്ന് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ സ്റ്റേഡിയത്തിന്റെ പലഭാഗത്തും മതിൽ ഇല്ലാതെ തുറന്നു കിടക്കുകയാണ്. സ്റ്റേഡിയത്തിന്റെ വശങ്ങളിലായി വനിതാ ശിശുക്ഷേമ ഓഫീസും അങ്കൻവാടിയും മാത്രം പ്രവർത്തിക്കുന്നുണ്ട്. സ്റ്റേഡിയം പുനരുജ്ജീവിപ്പിച്ച് കായിക താരങ്ങൾക്ക് പ്രോത്സാഹനമേകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
ഷട്ടിൽ കോർട്ടും നശിച്ചു
നാല് വർഷങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവഴിച്ച് സ്റ്റേഡിയത്തിൽ ഷട്ടിൽ കോർട്ട് നിർമ്മിച്ചിരുന്നെങ്കിലും പരിചരണമില്ലാത്തതിനാൽ പിന്നീട് ഉപയോഗശൂന്യമായി. മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടാണ് സ്റ്റേഡിയം നേരിടുന്ന പ്രധാന പ്രശ്നം. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകിപ്പോകാനും മാർഗമില്ല. വെള്ളക്കെട്ട് ഒഴിയുമ്പോൾ പുല്ല് തഴച്ചുവളരുന്നു. സ്റ്റേഡിയത്തിന്റെ വശങ്ങളിൽ ഉണ്ടായിരുന്ന കായ്‌ഫലമുള്ള തെങ്ങുകളും മണ്ടയടച്ചു നശിച്ചു. കായിക പരിശീലനങ്ങൾ നൽകാനും ഇവിടെ സൗകര്യമില്ല. സ്റ്റേഡിയത്തിന് ചുറ്റുപാടും ഒട്ടേറെ വീടുകളും സ്ഥിതിചെയ്യുന്നുണ്ട്.
-പെരിങ്ങര പഞ്ചായത്തിലെ ഏഴാം വാർഡിൽ
-1987ൽ ഉദ്ഘാടനം നടത്തിയ സ്റ്റേഡിയം
-സ്റ്റേഡിയത്തിനുള്ളിൽ വെള്ളക്കെട്ട്
- ഒഴുകിപ്പോകാനും മാർഗമില്ല