പത്തനംതിട്ട : നഗരസഭയിൽ തെരുവ് വിളക്ക് പരിപാലനം ഉൾപ്പെടെ മറ്റ് പല വികസന പ്രവർത്തനങ്ങളും നിശ്ചലമായതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ കെ. ജാസിം കുട്ടി ആരോപിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കുഴപ്പമില്ലാത്ത രീതിയിൽ നടക്കുന്നുണ്ടെങ്കിലും മറ്റു കാര്യങ്ങളിൽ അനാസ്ഥയാണ്. ലോക്ക് ഡൗൺ കാലത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് യു.ഡി.എഫ് എല്ലാ പിന്തുണയും നൽകിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ജംഗ്ഷനുകളും പാതയോരങ്ങളും ഇരുട്ടിലാണ്. വാർഡുകളിലും ഇതേ അവസ്ഥയാണ്. സെൻട്രൽ ജംഗ്ഷൻ, സ്‌റ്റേഡിയം ജംഗ്ഷൻ, കുമ്പഴ ജംഗ്ഷൻ, വെട്ടിപ്പുറം, കൊരട്ടിമുക്ക് എന്നീ ഭാഗങ്ങളിൽ പൊക്ക വിളക്ക് കത്താതായിട്ട് മാസങ്ങളായി. വാർഡുകളിലെ സോഡിയം വേപ്പർ ലാമ്പുകൾ പൂർണമായും കത്തുന്നില്ല. ഇവ മാറ്റി എൽ.ഇ.ഡി സ്ഥാപിക്കണമെന്ന നിർദ്ദേശം സമർപ്പിച്ചിട്ട് മാസങ്ങളായി. ഈ സാമ്പത്തിക വർഷത്തെ പൊതുമരാമത്ത് പ്രവർത്തികൾ ടെൻഡർ നടപടികളിലേക്ക് കടന്നിട്ടില്ല. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ പച്ചക്കറിത്തോട്ടം നിർമ്മിക്കുവാൻ കൃഷിഭവനുമായി ചേർന്ന് അടുക്കളത്തോട്ടം പദ്ധതി നടപ്പിലാക്കുവാൻ പച്ചക്കറി വിത്തുകൾ നൽകിയിരുന്നു. ഈ തവണ അതും നടപ്പിലാക്കിയില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ നഗരസഭയുടെ മറ്റ് വികസന പ്രവർത്തനങ്ങൾ നിശ്ചലമാകുന്ന അവസ്ഥ ഒഴിവാക്കുവാൻ ഭരണ സമിതി ഉണർന്ന് പ്രവർത്തിക്കണമെന്നും ജാസിം കുട്ടി പറഞ്ഞു.