കൂടൽ: ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്നതായ പരാതി. ആരോഗ്യവകുപ്പും പഞ്ചായത്തും പൊലീസും നടപടികൾ കർശനമാക്കിയെങ്കിലും കൂടലിലും പരിസര പ്രദേശങ്ങളിലും പലരും ഇത് പാലിക്കാതെയാണ് പുറത്തിറങ്ങുന്നത്. ബൈക്കുകളിലും കാറുകളിലും സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്കാണെവിടെയും. വ്യാപാരസ്ഥാപനങ്ങളിലും ചന്തയിലും ആളുകൾ കൂട്ടത്തോടെയെത്തുന്നത് തടയാനാവുന്നില്ല. പൊലീസ് പരിശോധന നടത്തുമ്പോൾ മാത്രമാണ് തിരക്ക് അൽപ്പം നിയന്ത്രിക്കാനാകുന്നത്. എന്നാൽ പരിശോധന കഴിഞ്ഞെന്ന് ഉറപ്പുവരുത്തിയാൽ പഴയ സ്ഥിതി തന്നെയാണ് നിലവിലുള്ളതെന്ന് കൂടൽ സി.ഐ. എച്ച്. എൽ.സജീഷ് പറഞ്ഞു.
സത്യവാഗ്മൂലം ദുരുപയോഗം ചെയ്യുന്നു
നിലവിൽ കൂടൽ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മുറിഞ്ഞകൽ, കൂടൽ, കലഞ്ഞൂർ എന്നിവിടങ്ങളിലാണ് ചെക്കിംഗ് പോയിന്റുകൾ ഉള്ളത്. ആശുപത്രി കേസുകൾ ഉൾപ്പെടയുള്ള അത്യാവശ്യങ്ങൾക്ക് മാത്രമെ യാത്ര ചെയ്യാൻ അനുവദിക്കുന്നുള്ളുവെങ്കിലും സത്യവാഗ്മൂലം ദുരുപയോഗം ചെയ്തും പലരും യാത്ര ചെയ്യുന്നുണ്ട്. അനാവശ്യമായി യാത്ര ചെയ്യുന്നവരെ പൊലീസ് ഉദ്യോഗസ്ഥർ താക്കീത് ചെയ്യുകയും വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യവകുപ്പ് ജീവനക്കാർ കൂടൽ ചന്തയിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തുകയും ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ വ്യാപാര സ്ഥാപനങ്ങളിൽ പിഴ ഈടാക്കുകയും ചെയ്യുന്നുണ്ടെങ്കിലും പല സ്ഥലങ്ങളിലും ആളുകൾ കൂട്ടം കൂടുന്നത് പതിവാക്കുകയാണ്.