റാന്നി : നേഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ മരണം ഹൈക്കോടതിയും മനുക്ഷ്യവകാശ കമ്മിഷനും റിപ്പോർട്ട് തേടി. പെരുനാട് പുതുക്കട ചെമ്പാലൂർ വീട്ടിൽ അക്ഷയ അനൂപിനെ കഴിഞ്ഞ ഫെബ്രുവരി എട്ടിന് സ്വവസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിലാണ് ഹൈക്കോടതിയും മനുക്ഷ്യവകാശ കമ്മിഷനും പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് അക്ഷയയുടെ മാതാപിതാക്കൾക്ക് ലഭിച്ചു. പാറശാല സരസ്വതിയമ്മ മെമ്മോറിയൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന അക്ഷയ അനൂപിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണം പെരുനാട് പൊലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച് കുട്ടിയുടെ പിതാവ് അനൂപ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തിരുന്നു . ആക്ഷൻ കൗൺസിലാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. സംഭവത്തിൽ പെരുനാട് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ രണ്ടര മാസം കഴിഞ്ഞിട്ടും പൊലീസിന്റെ ഭാഗത്തുനിന്നും അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ചാണ് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്. സംഭവത്തിന് മുൻപ് കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും പരിശോധിച്ചാൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യക്ക് കാരണക്കാരായ ചിലരെ കണ്ടെത്താനാകുമെന്ന് ചൂണ്ടിക്കാട്ടി കുട്ടിയുടെ ഫോണും ഡയറിയും പൊലീസിന് കൈമാറിയെങ്കിലും അവ ശാസ്ത്രീയമായി പരിശോധിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ആണെന്നും പോസ്റ്റമോർട്ടം റിപ്പോർട്ടിന്റെ കോപ്പി ആവശ്യപ്പെട്ടെങ്കിലും നൽകുവാൻ തയാറായില്ലെന്നും മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.