panamkudantha-aruvi-water

കുടമുരുട്ടി : കവി ഭാവനകളിലെ വർണ്ണനയിലുള്ള പ്രകൃതിയുടെ വെള്ളിയരഞ്ഞാണം പോലെ ഒഴുകുകയാണ് പനംകുടന്ത അരുവി.

വന്യമായ പാറക്കെട്ടുകളിലൂടെ, ആകാശത്ത് പാൽക്കുടം തട്ടിമറിഞ്ഞതുപോലെ പതിനൊന്നു തട്ടുകളിൽ ചിന്നിച്ചിതറി പനംകുടന്ത വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു. അരുവിയുടെ ആരംഭസ്ഥാനം കാണാൻ പോകുന്ന സഞ്ചാരികൾക്ക് കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളെയും കാണാം.

വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഏറെയായതിനാൽ സഞ്ചാരത്തിന് അതീവ ജാഗ്രത വേണം.

അപൂർവമായ ഓർക്കിഡുകളും മലവാഴകളും സസ്യങ്ങളും ഔഷധ ച്ചെടികളും പനംകുടന്തയിൽ ധാരാളമുണ്ട്. മഴക്കാലത്ത് ചെങ്കുത്തായി പതിക്കുന്ന വെള്ളച്ചാട്ടത്തിലൂടെയുള്ള മത്സ്യങ്ങളുടെ യാത്ര കൗതുക കാഴ്ചയാണ്. ഏറെ അറിയപ്പെടാത്തതും വിനോദസഞ്ചാരവകുപ്പിന് അജ്ഞാതവുമായ പനംകുടന്ത വെള്ളച്ചാട്ടത്തിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. അത്തിക്കയം മുതൽ പനംകുടന്തവരെ സാഹസികയാത്ര നടത്തി പ്രകൃതി സൗന്ദര്യം കാണാനെത്തുന്നവർക്ക് ഇതേ വഴിയിലൂടെ മടങ്ങാതെ കുരുമ്പൻമൂഴിയിൽ നിന്ന് പമ്പാനദി കടന്ന് എരുമേലി വഴി തിരികെപോകാം.

കാടിന്റെ വെള്ളച്ചാട്ടം

കുരുമ്പൻമൂഴി ഗ്രാമത്തിന്റെ കിഴക്കേ അറ്റത്ത് കാടിന്റെ നടുവിലാണ് പനംകുടന്ത വെള്ളച്ചാട്ടം. ശബരിമല വനത്തിന്റെ പടിഞ്ഞാറൻ മലഞ്ചരുവിൽ ഉത്ഭവിച്ച് പമ്പാനദിയിൽ ചേരുന്ന ചെറുനദിയാണ് കുരുമ്പൻമൂഴിക്ക് സമീപം പനംകുടന്ത വെള്ളച്ചാട്ടമായി രൂപപ്പെടുന്നത്. ഒന്നര കിലോമീറ്റർ ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴെ നൂറു മീറ്റർ അകലെവരെ വാഹനമെത്തും. അവിടെ നിന്ന് വെള്ളച്ചാട്ടത്തിന്റെ ഏറ്റവും താഴത്തെത്തട്ടിൽ നടന്നെത്തുവാൻ കഴിയും.

പ്രശസ്തമായ കുറ്റാലം വെള്ളച്ചാട്ടത്തെക്കാൾ പത്തിരട്ടി വലിപ്പമുള്ളതും പതിനൊന്നു തട്ടുകളുള്ളതുമായ പനംകുടന്ത അരുവി പൂർണമായി കണ്ട് ആസ്വദിക്കണമെങ്കിൽ സാഹസിക യാത്ര നടത്തണം. കാട്ടാനകൾ ഇൗ ഭാഗത്ത് സഞ്ചരിക്കുന്നുവെന്നത് ഭയാശങ്കകൾക്ക് ഇടയൊരുക്കുന്നു. എന്നിരുന്നാലും ചെങ്കുത്തായ മലമ്പാതയിലൂടെ കാടുകയറി കുടമുരുട്ടി, കുരുമ്പൻമൂഴി നിവാസികളുടെ സഹായത്താൽ സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.