കോന്നി: ഉദ്യോഗസ്ഥരുടെയും കരാറുകാരന്റെയും ഒത്തുകളിയെ തുടർന്ന് കോന്നിയിലെ വാതിൽപടി റേഷൻ വിതരണം തോന്നും പടിയായി. കോന്നി എൽ.എഫ്.എസ്.എ ഗോഡൗണിൽ നിന്നുള്ള റേഷൻ വിതരണം താറുമാറായിട്ട് മാസങ്ങളായി. റേഷൻ വ്യാപാരികൾ നിരവധി പരാതികൾ നൽകിയിട്ടും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസത്തെ ആട്ട വിതരണം ഇതു വരെ പൂർത്തീകരിച്ചിട്ടില്ല. ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ പി.എം.ജി.കെ.എ.വൈ റേഷൻ മേയ് 31ന് മുമ്പ് റേഷൻ കടകളിലെത്തിക്കണമെന്നുള്ള സർക്കാർ നിർദേശവും പാലിക്കപ്പെട്ടിട്ടില്ല. സ്​റ്റോക്ക് വരുമ്പോൾ തൊഴിലാളികൾ ഇല്ല. സ്​റ്റോക്കും, തൊഴിലാളികളും വരുമ്പോൾ വാഹനം ഇല്ല ഇതാണ് ഇവിടുത്തെ അവസ്ഥ. ഇവിടെ ഒരു സ്ഥിരം കരാറുകാരനില്ല. ജൂൺ മാസത്തെ വിതരണത്തിന് ആവശ്യമായ ലിസ്​റ്റ് താലൂക്ക് സപ്ലൈ ഓഫീസിൽ നിന്നും നാലാം തീയതി തന്നെ എൻ.എഫ്.എസ്.എ ഗോഡൗണിൽ നൽകിയിട്ടുണ്ട്. എന്നാൽ ഇതും നടപ്പായിട്ടില്ല. നിലവിലുള്ള കരാറുകാരന്റെയും, തൊഴിലാളികളുടെയും സൗകര്യം പോലെയാണ് വാതിൽ പടി വിതരണം നടക്കുന്നത്. മേയ് മാസത്തെ ആട്ട ഭൂരിഭാഗം റേഷൻ കടകളിലും എത്തിയിട്ടില്ല. എന്നാൽ ഇവ ഗോഡൗണിൽ എത്തിയിട്ടുണ്ട്. കരാറുകാരനെ സഹായിക്കുന്ന നിലപാടാണ് ഉദ്യോഗസ്ഥർ സ്വീകരിക്കുന്നത്. ജൂൺ മാസത്തെ വാതിൽപടി വിതരണം നടത്തുമ്പോഴേ ഇനി ഈ ലോഡ് റേഷൻ കടകളിൽ എത്തുകയുള്ളൂ. വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇപ്പോൾ കുറച്ച് കടകളിൽ ആട്ട ഇറക്കിയിട്ടുള്ളത്. ജൂൺ മാസത്തെ വാതിൽപടി വിതരണം ഇനി എന്ന് ആരംഭിക്കുമെന്ന് ആർക്കും ഒരു വിവരവും ഇല്ല.
വാതിൽപടി വിതരണത്തിലെ അപാകതകൾ ഉടൻ തന്നെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത റേഷൻ വ്യാപാരി സംഘടനാ ഭാരവാഹികൾ സപ്ലൈക്കോ ജില്ലാ ഡിപ്പോ മാനേജർക്ക് പരാതി നൽകിയിട്ടുണ്ട്.