കോഴഞ്ചേരി : കൊവിഡ് വ്യാപനത്തിന്റെ ദുരിതം അനുഭവിക്കുന്നവർക്ക് ഓസ്‌ട്രേലിയയിൽ നിന്ന് മലയാളി യുവാവിന്റെ സഹായ ഹസ്തം. ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിയുള്ള കോഴഞ്ചേരി കീഴുകര കോയിക്കലേത്ത് അനിയന്റെ മകൻ ജോർജി തോമസ് (34) ആണ് റിസ്റ്റോർ കേരള എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്യുന്നത്. കോട്ടയം കുറിച്ചി, പനച്ചിക്കാട്, കഞ്ഞിരപ്പള്ളി, എടപ്പാൾ, ചെങ്ങന്നൂർ, ഇടനാട്, മാരാമൺ, കീഴുകര തുടങ്ങി 12 സ്ഥലങ്ങളിൽ 1000 രൂപ വിലവരുന്ന 400ൽ അധികം കിറ്റുകൾ ആദ്യ ഘട്ടമായി വിതരണം ചെയ്തു. നിർദ്ധനർക്കും രോഗബാധയാൽ വലയുന്നവർക്കുമാണ് ഇപ്പോൾ കിറ്റുകൾ നൽകി വരുന്നത്. ലോക്ക് ഡൗണിലും പ്രവർത്തിക്കുന്ന കോഴഞ്ചേരിയിലെ മാദ്ധ്യമ സ്ഥാപനങ്ങളിലും റീ സ്റ്റോർ കേരള പദ്ധതിയുടെ ഭാഗമായി ഇന്നലെ കിറ്റുകൾ എത്തിച്ചു നൽകി.കീഴുകര വാർഡിൽ നടന്ന കിറ്റ് വിതരണം പഞ്ചായത്ത് അംഗം ടി.ടി. വാസു ഉദ്ഘാടനം ചെയ്തു. അനിയൻ കോയിക്കലേത്ത്, സത്യൻ നായർ, ലിബു മലയിൽ എന്നിവർ നേതൃത്വം നൽകി. അടുത്ത ഘട്ടത്തിൽ കേരളത്തിൽ മരുന്നുകൾ വിതരണം ചെയ്യാനാണ് റീ സ്റ്റോർ കേരള ടീം ലക്ഷ്യമിടുന്നത്. ഓസ്‌ട്രേലിയയിലെ സാമൂഹ്യ സേവന സംഘടനയായ മസ്റ്റാർഡ് സീഡ് ഫാമിലി പ്രോജെക്ടിന്റെ ഡയറക്ടറും സി.ഇ.ഒ യുമാണ് ജോർജി.