കടമ്പനാട് : ഹെൽത്ത് ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയെന്ന പരാതിയിൽ പഞ്ചായത്തംഗത്തിനെതിരെ കേസ്. കടമ്പനാട് ആരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുഴിവേലിയെ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്തതിന് കടമ്പനാട് ഗ്രാമപഞ്ചായത്ത് അംഗം ലിന്റോ യോഹന്നാനെതിരെയാണ് ഏനാത്ത് പൊലീസ് കേസെടുത്തത്.സുരേഷ് കുഴിവേലി കടമ്പനാട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് നൽകിയ പരാതിയെ തുടർന്ന് മെഡിക്കൽ ഓഫീസറാണ് പൊലീസിൽ പരാതി നൽകിയത്. തന്നെ ഹെൽത്ത് ഇൻസ്‌പെക്ടർ ആക്ഷേപിച്ചതായി ആരോപിച്ച് കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപും പൊലീസിൽ പരാതി നൽകി. പ്രസിഡന്റ് മൊഴി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. വാക്‌സിൻ എടുക്കുന്നതിൽ ഹെൽത്ത് ഇൻസ്‌പെക്ടർ വിവേചനം കാട്ടുന്നെന്ന പൊതുജനങ്ങളുടെ പരാതി അന്വേഷിക്കാനാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയതെന്നും ഇത് ചോദ്യം ചെയ്ത തന്നോടും പഞ്ചായത്തംഗം ലിന്റോയോടും ഹെൽത്ത് ഇൻസ്‌പെക്ടറാണ് മോശമായി സംസാരിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വാക്‌സിൻ വിതരണത്തിൽ വിവേചനം കാട്ടുന്നു എന്നാരോപിച്ച് ഹെൽത്ത് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്യാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചതായി അറിയുന്നു. അതേസമയം വാക്‌സിൻ വിതരണത്തിന് വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കി നൽകാതെ പഞ്ചായത്ത് അംഗങ്ങൾ ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് മെഡിക്കൽ ഓഫീസറുടെ അദ്ധ്യക്ഷതയിൽ സ്റ്റാഫ് മീറ്റിംഗ് കൂടി പ്രമേയം പാസാക്കി. .
ഹെൽത്ത്ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ മണ്ണടി,കടമ്പനാട് മേഖലാ കമ്മറ്റികളുടേ നേതൃത്വത്തിൽ ധർണ നടത്തി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടേറിയറ്റംഗം ശ്രീനി.എസ്.മണ്ണടി ഉദ്ഘാടനം ചെയ്തു. മണ്ണടി മേഖല സെക്രട്ടറി സുനിൽ മാഞ്ഞാലി ആദ്ധ്യക്ഷത വഹിച്ചു. കടമ്പനാട് മേഖല സെക്രട്ടറി കിരൺ,ജില്ലാ കമ്മിറ്റി അംഗം വിഷ്ണു ഗോപാൽ,എം.ജയപ്രകാശ്, വിനീത് വാസുദേവൻ,എ.വി അനൂപ് എന്നിവർ പങ്കെടുത്തു.