കോഴഞ്ചേരി : കൊവിഡ് മുക്തരായവർക്ക് ശാരീരിക, മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള 'പുനർജനി ' ചികിത്സാ പദ്ധതിക്ക് അയിരൂരിലെ ജില്ലാ ആയുർവേദാശുപത്രിയിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ആർ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ. ഡോ. പി.എസ്.ശ്രീകുമാർ , അയിരൂർ പഞ്ചായത്ത് പ്രസിഡന്റ് അനിതാകുറുപ്പ് ,ബ്ലോക്ക് പഞ്ചായത്തംഗം വി.പ്രസാദ്, സാംകുട്ടി അയ്യക്കാവിൽ, പ്രദീപ് അയിരൂർ, മെഡിക്കൽ ഓഫീസർ ഡോ.എം.മനോജ് എന്നിവർ പ്രസംഗിച്ചു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വീണ്ടെടുക്കാൻ മരുന്നുകളും രസായന ചികിത്സയും ജീവിത ശൈലി ക്രമീകരണങ്ങളും യോഗയും ഉൾപ്പെടുന്നതാണ് പുനർജനി പദ്ധതി.