തിരുവല്ല: ചാത്തങ്കരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. 40 - 44 വയസിന് ഇടയിലുള്ളവർക്ക് ചാത്തങ്കരി കുടുംബാരോഗ്യ കേന്ദ്രത്തിൽ വാക്സിൻ ലഭിക്കുന്നതിന് രജിസ്റ്റർ ചെയ്യണമെന്ന് കഴിഞ്ഞ രണ്ട് ദിവസമായി അധികൃതർ അറിയിപ്പ് നൽകിയിരുന്നു. ഇതേതുടർന്ന് നൂറുകണക്കിന് ആളുകളാണ് രജിസ്‌ട്രേഷൻ നടത്തിയത്. ഇതുപ്രകാരം ഇന്നലെ രാവിലെ എട്ടുമുതൽ വിവിധ സ്ഥലങ്ങളിൽ നിന്നും വാക്സിനേഷനായി കൂടുതൽ ആളുകൾ എത്തിച്ചേർന്നു. പത്ത് മണിയോടെ ആശുപത്രി അധികൃതർ ടോക്കൺ നൽകി വാക്സിനേഷൻ തുടങ്ങി. എന്നാൽ രജിസ്‌ട്രേഷൻ പ്രകാരം മൊബൈൽ ഫോണിൽ ലഭിച്ച ടൈം സ്ലോട്ടുമായി എത്തിയ അമ്പതോളം പേർക്ക് ലിസ്റ്റിൽ പേരില്ലെന്ന് പറഞ്ഞു വാക്സിൻ നൽകാതെ അധികൃതർ മാറ്റിനിറുത്തി. ഏറെനേരം കഴിഞ്ഞിട്ടും പേര് വിളിക്കാതിരുന്നതിനാൽ വാക്സിൻ എടുക്കാൻ വന്നവർ ബഹളം വെച്ചതോടെ പൊലീസും സ്ഥലത്തെത്തി. കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ നിരവധി ആളുകളും സ്ഥലത്ത് തടിച്ച്കൂടിയിരുന്നു.

ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന കൂടുതൽ പേർ എത്തിയെന്ന് അധികൃതർ

പതിവുപോലെ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നും രാവിലെ ലഭിച്ച ലിസ്റ്റ് പ്രകാരമാണ് ഇന്നലെയും വാക്സിനേഷൻ തുടങ്ങിയത്. എന്നാൽ ലിസ്റ്റിൽ ഉൾപ്പെടാതിരുന്ന കൂടുതൽ പേർ വാക്സിനേഷൻ എടുക്കാനെത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. പരാതിയെ തുടർന്ന് പിന്നീട് ഡി.എം.ഒ ഓഫീസിൽ നിന്നും കൂടുതൽ പേരുടെ ലിസ്റ്റ് എത്തിയതിനാൽ മറ്റുള്ളവർക്കും വാക്സിനേഷൻ നൽകാൻ സാധിച്ചു.

ഡി.എം.ഒ ഇടപെട്ടു, പ്രശ്ന പരിഹാരമായി

വാക്സിൻ നിഷേധിച്ചതോടെ വിഷയം ഡി.എം.ഒ യുടെ ശ്രദ്ധയിൽപ്പെടുത്തി. 12 മണിയോടെ ഡി.എം.ഒ ഇടപെട്ട് കൂടുതൽ പേർക്ക് വാക്സിൻ നല്കാൻ നിർദ്ദേശിച്ചതിനെ തുടർന്നാണ് പ്രശ്നം പരിഹരിച്ചത്. ഇതുകാരണം വാക്സിനേഷൻ ഇന്നലെ വൈകിട്ട് നാലുമണിവരെ നീണ്ടു.

-എത്തിയത് നൂറുകണക്കിനാളുകൾ

50 പേരോളം ലിസ്റ്റിൽ പേരില്ലെന്നത് ബഹളത്തിനിടയാക്കി