പത്തനംതിട്ട: 2018 ലെ മഹാപ്രളയവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റിക്ക് ലഭിച്ച ഫണ്ട് വിനിയോഗിച്ചത് തികച്ചും സുതാര്യമായിട്ടാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി സമദ് മേപ്രത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് സ്വതന്ത്ര കർഷകസംഘം മുൻ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സാലി നടത്തിയ ആരോപണം വസ്തുതകൾക്കു നിരക്കുന്നതല്ല. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സമദ് പറഞ്ഞു. ഫണ്ട് വിനിയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലീഗ് ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ മുമ്പാകെയുള്ളതാണ്. 11.25 ലക്ഷം രൂപയാണ് ജില്ലയ്ക്കു ലഭിച്ചത്. റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ശുപാർശ പ്രകാരം പ്രളയഫണ്ട് നൽകിയത് തികച്ചും അർഹരായിട്ടുള്ളവർക്കാണ്. 7.20 ലക്ഷം രൂപ കക്ഷി രാഷ്ട്രീയത്തിനതീതമായി റാന്നിയിൽ നൽകിയിട്ടുണ്ട്. പിന്നാക്ക ദളിത് വിഭാഗങ്ങൾക്കടക്കം പാർട്ടിയുടെ സഹായം ആവശ്യപ്പെട്ട എല്ലാവർക്കും നൽകാനായി. ജീവകാരുണ്യ പ്രവർത്തനങ്ങളെ താഴ്ത്തികാട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ആരോപണം. പ്രളയകാലത്ത് നഷ്ടമുണ്ടായിട്ടുണ്ടെങ്കിലും താൻ പാർട്ടി സഹായം ആദ്യഘട്ടത്തിൽ അഭ്യർത്ഥിച്ചിരുന്നില്ലെന്ന് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അൻസാരി മന്ദിരവും വ്യക്തമാക്കി. നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ.സക്കീർ ഹുസൈനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.