പത്തനംതിട്ട: കെ.പി.സി.സി പ്രസിഡന്റിനെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.സി.സികളിലും മണ്ഡലം, ബൂത്ത് കമ്മിറ്റികളിലും അഴിച്ചുപണി വരുമ്പേൾ ആരാകും പത്തനംതിട്ടയിൽ രാജീവ് ഭവനിലെ കസേരയിൽ ഇരിക്കുക?. അണിയറയിൽ ചർച്ചകൾക്ക് കനംവച്ചുത്തുടങ്ങി. പരമ്പരാഗതമായി എ ഗ്രൂപ്പിന്റെ കൈവശമാണ് ഡി.സി.സി പ്രസിഡന്റ് സ്ഥാനം. കെ.പി.സി.സി പ്രസിഡന്റിനെപ്പോലെ ഗ്രൂപ്പില്ലാത്ത നേതാവിനെ ഡി.സി.സി പ്രസിഡന്റായി നിയമിക്കുക പ്രയാസമേറിയ പണിയാണ്. ജില്ലയിൽ ഗ്രൂപ്പുകൾക്ക് അതീതരായ നേതാക്കൾ ഇല്ലെന്നതാണ് കാര്യം.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഒരു സീറ്റുപോലും നേടാനാകാതെ നിലംപതിച്ചത് സംസ്ഥാനത്ത് മൊത്തത്തിലുണ്ടായ ഇടതു തരംഗത്തിന്റെ ഫലമെന്ന് പറഞ്ഞു നിൽക്കാം. പക്ഷെ, ജില്ല തങ്ങളുടെ കോട്ടയെന്ന പാരമ്പര്യ അവകാശവാദം ഇനി പറയാനാകാത്ത വിധം തകർന്നു പോയ കോൺഗ്രസിനെ രക്ഷിക്കാൻ ശക്തനായ നേതാവ് തന്നെ വേണം.
ജില്ലയിലെ മുതിർന്ന എ ഗ്രൂപ്പ് നേതാക്കളിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നവരിൽ മുൻപന്തിയിലുള്ളത് തിരുവല്ല സ്വദേശിയായ പ്രൊഫ. സതീഷ് കൊച്ചുപറമ്പിലാണ്. നിലവിൽ കെ.പി.സി.സി സെക്രട്ടറിയാണ്. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് സജി ചാക്കോ, കെ.പി.സി.സി അംഗം കെ.കെ.റോയ്സൺ എന്നിവരും പട്ടികയിൽ ഇടംപിടിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.വി.ആർ.സോജി, സാമുവൽ കിഴക്കുപുറം, റിങ്കു ചെറിയാൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ എം.ജി.കണ്ണൻ, അനീഷ് വരിക്കണ്ണാമല എന്നിങ്ങനെ എ ഗ്രൂപ്പ് പട്ടിക നീളും.
പ്രസിഡന്റ് സ്ഥാനം എെ ഗ്രൂപ്പിന് കൈമാറിയാൽ കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, അഡ്വ. എൻ.ഷൈലാജ് എന്നീ നേതാക്കൾക്കാകും പരിഗണന.
ഡി.സി.സി പ്രസിഡന്റുമാർ ഇതുവരെ
എം.സി.ചെറിയാൻ, പ്രൊഫ.പി.ജെ കുര്യൻ, പീലിപ്പോസ് തോമസ്, കെ. ശിവദാസൻനായർ, പി. മോഹൻരാജ്, ബാബു ജോർജ്.