മല്ലപ്പള്ളി : മല്ലപ്പള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ടിന്റെ നേതൃത്വത്തിൽ കുന്നന്താനം ആഞ്ഞിലിത്താനം മാമണത്ത് ഭാഗത്ത് നടത്തിയ പരിശോധനയിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്നും കഞ്ചാവ് കണ്ടെടുത്തു. മാമണത്ത് കോളനിക്ക് സമീപമുള്ള കുറ്റിക്കാട്ടിൽനിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്. 7 ഗ്രാം കഞ്ചാവ് അടങ്ങിയ ആകെ 72 പോളിത്തിൻ കവറുകളിൽ ഉള്ളടക്കം ചെയ്ത് പ്ലാസ്റ്റിക് ടിന്നിൽ അടപ്പിട്ട് അടച്ച നിലയിലായിരുന്നു. ആകെ 504 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നർക്കോട്ടിക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും സമീപ പ്രദേശങ്ങളിലെ മുൻ കഞ്ചാവ് കേസ് പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ട് അറിയിച്ചു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ഇ.ജി സുശീൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർ അജിത് ജോസഫ് എന്നിവർ പങ്കെടുത്തു. കഞ്ചാവ്, മദ്യം, മയക്കുമരുന്ന് പുകയില ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ പറയുന്ന നമ്പറിൽ അറിയിക്കാമെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.റോബർട്ട് അറിയിച്ചു. 9400069470, 9400069480, 0469 268 2540,0469 268 3222.