കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളും ഇനി ബയോഡൈവേഴ്‌സി​റ്റി സർക്യൂട്ടിന്റെ ഭാഗം. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ചോദ്യത്തിന്
മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ ബഡ്ജ​റ്റിന്റെ മറുപടി പറഞ്ഞപ്പോഴാണ് കോന്നി മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങൾക്കൂടി ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തി പ്രഖ്യാപനം നടത്തിയത്. ബയോഡൈവേഴ്‌സി​റ്റി സർക്യൂട്ടിൽ കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺറോ തുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറമരുതിമല, ജടായൂപാറ, തെന്മല, അച്ചൻകോവിൽ എന്നിവയെ ബന്ധിപ്പിച്ചാണ് ബഡ്ജ​റ്റ് അവതരിപ്പിച്ചത്. കോന്നി മണ്ഡലത്തിലെ കോന്നി ആനക്കൂട്, അടവി, ഗവി തുടങ്ങിയ കേന്ദ്രങ്ങൾ കൂടിയാണ് ഇപ്പോൾ സർക്യൂട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ സർക്യൂട്ടിന് 50 കോടി രൂപയാണ് വകയിരുത്തിയത്. ഇതോടെ കോന്നിയിലെ വിനോദ സഞ്ചാര മേഖയ്ക്ക് പുത്തനുണർവായി പ്രഖ്യാപനം മാറും. സർക്യൂട്ടിൽ ഉൾപ്പെട്ടതോടെ ധാരാളം സഞ്ചാരികൾ കോന്നി നിയോജക മണ്ഡലത്തിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരുമെന്ന് എം.എൽ.എ പറഞ്ഞു.