റാന്നി : കക്കൂടുമൺ-കരികുളം വനത്തിൽ മാലിന്യം കുന്നുകൂടുന്നു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഏറെയും. സിസിടിവി കാമറകൾ സ്ഥാപിച്ച ശേഷം അറവു മാലിന്യങ്ങൾ തള്ളുന്നതിന് കുറവ് വന്നിട്ടുണ്ട്. എന്നാൽ കാമറ സ്ഥാപിച്ചിട്ടില്ലാത്ത സ്ഥലങ്ങൾ നോക്കി അറവുമാലിന്യം തള്ളുന്ന വിരുതൻമാരുമുണ്ട്. കുട്ടികൾക്ക് അടക്കം ഉപയോഗിച്ച പാമ്പേഴ്‌സ്, വീട്ടിലെ അടുക്കള മാലിന്യങ്ങൾ എന്നിവയും വലിച്ചെറിയുന്നുണ്ട്. റാന്നി അത്തിക്കയം റൂട്ടിലെ ഏറെ മനോഹാരിത നിറഞ്ഞൊരു പ്രദേശമാണ് കരികുളം വനം. മാലിന്യം തള്ളുന്നവർ കാടിന്റെ ഭംഗിയേയും കെടുത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇരു സൈഡുകളിലും കാമറ സ്ഥാപിച്ചതുപോലെ വനത്തിന്റെ മദ്ധ്യഭാഗം നിരീക്ഷിക്കാൻ പാകത്തിന് പുതിയ കാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.