ചെങ്ങന്നൂർ: കഴിഞ്ഞ മൂന്നാഴ്ചയായി പ്രവർത്തിക്കാതിരുന്ന ജില്ലാ ആശുപത്രിയിലെ കാരുണ്യ ഫാർമസി തുറന്നു പ്രവർത്തിക്കാൻ നടപടിയായി. നഗരസഭാ കൗൺസിലറും മുൻ ചെയർമാനുമായ കെ.ഷിബു രാജൻ മന്ത്രി വീണാ ജോർജിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഇന്നലെ രാവിലെ ജില്ലാ ആശുപത്രിയിൽ എത്തിയ ജില്ലാ ഡ്രഗ് ഇൻസ്‌പെക്ടർ മഞ്ജു പ്രതാപ് സ്ഥല പരിശോധന നടത്തി. കാലതാമസം വരുത്താതിരിക്കാൻ റിപ്പോർട്ട് ജില്ലാ മരുന്നു സംഭരണശാലയിലെ വെയർഹൗസ് മാനേജർ മുഖേന എറണാകുളത്തെ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ ഓഫീസിൽ നേരിട്ട് എത്തിച്ചു ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ചെങ്ങന്നൂരിലെ കാരുണ്യ ഫാർമസി നിറുത്തിയതിനെ തുടർന്ന് വർക്കിംഗ് അറേഞ്ച് മെന്റിൽ പത്തനംതിട്ടയിലേയ്ക്കും മാവേലിക്കരയിലേയ്ക്കും മാറ്റിയ രണ്ടു ഫാർമസിസ്റ്റുകളെ തിരികെ ചെങ്ങന്നൂരിൽ നിയമിച്ചു ഉത്തരവായി. പ്രവർത്തനം നിലച്ചതിനെ തുടർന്ന് ശേഖരിച്ചു വെച്ചിരുന്ന മരുന്നുകളെല്ലാം മറ്റു ഫാർമസികളിലേയ്ക്ക് മാറ്റിയിരുന്നു. ചെങ്ങന്നൂരിലേയ്ക്ക് ആവശ്യമായ മരുന്നുകൾ വീണ്ടും എത്തിക്കുന്നതിനുളള നടപടികളും പൂർത്തിയായി. 14 മുതൽ ഫാർമസിയുടെ പ്രവർത്തനം പുനരാരംഭിക്കാനുള്ള നടപടികളാണ് പൂർത്തീകരിച്ചത്.