റാന്നി : ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് നിർമ്മാണം ഉടൻ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ഏറ്റവും കൂടുതൽ പ്രവാസികൾ താമസിക്കുന്ന മദ്ധ്യതിരുവിതാംകൂറിൽ വിമാനത്താവളത്തിന്റെ ആവശ്യം വളരെ വലുതാണ്. നാലും അഞ്ചും മണിക്കൂർ യാത്രചെയ്താണ് പ്രവാസികൾ വീടുകളിൽ നിന്നും വിമാനത്താവളങ്ങളിൽ എത്തുന്നത്. ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തുന്ന ശബരിമലയ്ക്കും ഇത് ഏറെ പ്രയോജനം ചെയ്യും. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കൺവെൻഷൻ ആയ മാരാമൺ കൺവെൻഷനും ചെറുകോൽപ്പുഴ കൺവെൻഷനും ഇത് വളരെ പ്രയോജനപ്പെടും. മദ്ധ്യ തിരുവിതാംകൂറിന്റെ ടൂറിസം വളർച്ചയ്ക്കും വ്യാവസായിക വളർച്ചയ്ക്കും ഇത് മുതൽക്കൂട്ടാകും. ഇതെല്ലാം കണക്കിലെടുത്ത് വിമാനത്താവളംഎത്രയും വേഗം പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്നും എം.എൽ.എഅഭ്യർത്ഥിച്ചു.