തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി വലിയ കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. നീരൊഴുക്ക് സുഗമമാക്കുന്നതിനായി മൂന്നരയടി വ്യാസമുള്ള കുഴൽ സ്ഥാപിച്ചത്. പെരിങ്ങര -ചാത്തങ്കരി റോഡിലെ വന്ദനപ്പടിയിൽ കലുങ്കിനോട് ചേർന്ന് വഴി നിർമ്മിച്ചപ്പോൾ ചെറിയ കുഴലാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. നിലവിലുണ്ടായിരുന്ന ചെറിയ കുഴൽ കൂടാതെ ഏഴടി നീളവും മൂന്നരയടി വ്യാസമുള്ള പുതിയ പൈപ്പും ഇവിടെ സ്ഥാപിച്ചു. ഇതോടെ റോഡിന്റെ വടക്ക്ഭാഗത്തെ മാണിക്കത്തകിടി പാടത്തെ വെള്ളക്കെട്ട് സുഗമമായി ചാത്തങ്കരി തോട്ടിലേക്ക് ഒഴുകിയെത്തും. മുണ്ടത്താനത്തും പണിക്കോട്ടിൽപ്പടിയിലും കലുങ്കിന്റെ നിർമ്മാണ ജോലികൾ നടന്നുവരികയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ജോലികൾ വൈകിയിരുന്നു. അപ്രോച്ച് റോഡിന്റെ നിർമ്മാണവും നടക്കാനുണ്ട്. ഇത് പൂർത്തിയാകുന്നതോടെ 11,12 വാർഡുകളിലെ വെളളക്കെട്ട് പ്രശ്‌നത്തിന് പരിഹാരമാകും. മാത്യു ടി.തോമസ് എം.എൽ.എ ഫണ്ടിൽ നിന്നും കഴിഞ്ഞവർഷം അനുവദിച്ച 39ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് നടന്നുവരുന്നത്. മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടുകൾ കൂടി ലഭ്യമാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്. ചെന്നക്കാട്ടുപടി കലുങ്കിനും ആലുംമൂട്ടിൽപടി കലുങ്കിനും ഇടയിൽ വീടുകളിലേക്കുള്ള വഴിക്കുവേണ്ടി തോട് നികത്തിയ സ്ഥിതിയാണ്. തോട് വീണ്ടെടുത്ത് സ്ലാബ് സ്ഥാപിച്ച് വഴിയൊരുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. പെരിങ്ങര. പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വൈസ് പ്രസിഡന്റ് സുഭദ്രാ രാജൻ, മെമ്പർ എബ്രഹാം തോമസ് എന്നിവർ കുഴലുകൾ സ്ഥാപിക്കുന്ന ജോലികൾക്ക് മേൽനോട്ടം വഹിച്ചു.
-മൂന്നരയടി വ്യാസമുള്ള കുഴൽ സ്ഥാപിച്ചു
-11,12 വാർഡുകളിലെ വെളളക്കെട്ട് പ്രശ്നത്തിന് പരിഹാരമായി
-39ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തികൾ