പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ സംസ്ഥാന സർക്കാർ അനുവദിച്ച ഓക്‌സിജൻ പ്ലാന്റിന്റെ നിർമാണം ഈ മാസം ആരംഭിക്കും. പ്‌ളാന്റുകളുടെ നിർമ്മാണത്തിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതിക്ക് ഭരണാനുമതി നൽകാൻ ഇന്നലെ ചേർന്ന അടിയന്തര നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് രണ്ട് പ്ലാന്റുകളാണ് ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നത് . വലിയ പ്‌ളാന്റിൽ നിന്നും ഒരു മിനിറ്റിൽ1000 ലിറ്ററും, ചെറിയ പ്ലാന്റിൽ നിന്നും ഒരു മിനിറ്റിൽ 500 ലിറ്റർ ഓക്‌സിജനുമാണ് ഉത്പാദിപ്പിക്കുന്നത്. കോന്നി മെഡിക്കൽ കോളേജ്, പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, മറ്റ് താലൂക്ക് ആശുപത്രികൾ എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ ഓക്‌സിജൻ പ്‌ളാന്റ് സ്ഥാപിക്കും. മന്ത്രി വീണാ ജോർജിന്റെ നിർദ്ദേശപ്രകാരമാണ് സി.എസ്.ആർ ഫണ്ടുപയോഗിച്ച് ജില്ലയിൽ നിർമ്മിക്കുന്ന ഓക്‌സിജൻ പ്‌ളാന്റുകളിൽ ആദ്യത്തെ പ്ലാന്റ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുന്നത്.

മന്ത്രിക്ക് പ്രത്യേക നന്ദി

ഓക്‌സിജൻ പ്ലാന്റ് നിർമാണത്തിനായി ആദ്യം ജനറൽ ആശുപത്രിയെ തിരഞ്ഞെടുത്ത മന്ത്രിക്ക് നഗരസഭാ കൗൺസിൽ നന്ദി രേഖപ്പെടുത്തി. പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഇലക്ട്രിക്കൽ പ്രവർത്തികൾ നടത്തുന്നതിനുമായി 40 ലക്ഷം രൂപയാണ് നഗരസഭാ കൗൺസിൽ നൽകുന്നത്. ജനറൽ ആശുപത്രിയിൽ ഇപ്പോൾ ഒരാഴ്ചയിൽ ഓക്‌സിജൻ എത്തിക്കുന്നതിനായി 10 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഒരു മാസം ഉദ്ദേശം 40 ലക്ഷം രൂപ എച്ച്.എം.സി ഫണ്ടിൽനിന്നും ചെലവഴിക്കുന്നുണ്ട്. കൊവിഡ് ഒരു വർഷം കൂടി നീണ്ടുനിൽക്കുന്ന സാഹചര്യമുണ്ടായാൽ ഓക്‌സിജൻ ലഭ്യമാക്കുന്നതിനുവേണ്ടി 5 കോടി രൂപയുടെ ചെലവ് ഉണ്ടാകുമെന്ന് കൗൺസിൽ യോഗം വിലയിരുത്തി.

സാങ്കേതിക തടസങ്ങൾ നീക്കി

പ്ലാന്റ് നിർമ്മാണം ത്വരിതപ്പെടുത്തുന്നതിനായി നഗരസഭാ ചെയർമാനും, ജില്ലാ കളക്ടറും അടങ്ങുന്ന കമ്മിറ്റി ഇതിനകം മൂന്ന് യോഗങ്ങൾ ചേർന്നിരുന്നു. സാങ്കേതിക തടസങ്ങളൊക്കെ നീക്കി പ്രവർത്തനം തിങ്കളാഴ്ച തന്നെ ആരംഭിക്കുന്നതിനാണ് നഗരസഭ ഉദ്ദേശിക്കുന്നത്. ഇതിനായി ജനറൽ ഹോസ്പിറ്റലിന്റെ 'എ' ബ്ലോക്കിന് പുറകുവശമുള്ള സ്ഥലമാണ് കണ്ടെത്തിയിട്ടുള്ളത്. പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി യന്ത്ര സാമഗ്രികൾ കൊണ്ടുപോകാൻ സമീപമുളള സ്വകാര്യവസ്തുവിലൂടെയാണ് പോകേണ്ടത്. ഇതിനാവശ്യമായ സമ്മതം ബന്ധപ്പെട്ട സ്വകാര്യ വസ്തു ഉടമകളിൽ നിന്ന് ജില്ലാ കളക്ടറുടെയും, നഗരസഭാ ചെയർമാന്റെയും ഇടപെടലിലൂടെ ലഭ്യമായിട്ടുണ്ട്. 40 ലക്ഷം രൂപയുടെ ഭരണാനുമതി ഐക്യകണ്‌ഠേനയാണ് നഗരസഭാ കൗൺസിൽ പാസാക്കിയത്.

-2 പ്ലാന്റുകൾ സ്ഥാപിക്കും

വലിയ പ്‌ളാന്റിൽ നിന്നും ഒരു മിനിറ്റിൽ1000 ലിറ്റർ ഓക്സിജൻ ,

ചെറിയ പ്ലാന്റിൽ നിന്നും ഒരു മിനിറ്റിൽ

500 ലിറ്റർ ഓക്‌സിജൻ