12-durithaswasa-nidhi
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ പെൻഷൻ തുകയിൽ നിന്നും 5 വർഷത്തേക്ക് 1000 രൂപവീതം നൽകുന്നതിനുളള സമ്മതപത്രം മുഖ്യമന്ത്രിക്ക് നൽകുന്നതിനായി എ.പി. ജയന് കൈമാറുന്നു

തെങ്ങമം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ പെൻഷൻ തുകയിൽ നിന്ന് മാസംതോറും 1000 രൂപ വീതം നൽകാൻ സമ്മതപത്രം നൽകി റിട്ട. ഹൈസ്‌കൂൾ അദ്ധ്യാപകൻ. ചിതറ ഗവ.ഹൈസ്‌കൂളിൽ നിന്ന് വിരമിച്ച തെങ്ങമം തെങ്ങുംതുങ്ങിൽ പടിഞ്ഞാറ്റേതിൽ എൻ. രാഘവനാണ്
2021 ജൂലായ് മുതൽ 2026 മേയ് വരെ മാസം തോറും പെൻഷനിൽ നിന്നുമുള്ള തുക നൽകാമെന്ന് അറിയിച്ചത്. മുഖ്യമന്ത്രിക്ക് കൈമാറുന്നതിനു വേണ്ടി സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി. ജയന് സമ്മതപത്രം കൈമാറി. സി.പി.ഐ പള്ളിക്കൽ ലോക്കൽ കമ്മിറ്റി അംഗം, അഖിലേന്ത്യ കിസാൻ സഭ മണ്ഡലം കമ്മിറ്റി അംഗം, തെങ്ങമം യുവരശ്മി ഗ്രന്ഥശാല സെക്രട്ടറി. പള്ളിക്കൽ ശ്രീ ബുദ്ധ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ മിഷൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയാണ് എൻ.രാഘവൻ.