ചിറ്റാർ: പുലിയുടെ സാമിപ്യം വീണ്ടും കണ്ടെത്തി. വയ്യാറ്റുപുഴ മീൻകുഴി തെക്കേക്കര തടത്തിൽ ടി.എം. തോമസിന്റെ ഭവനത്തിലെ രണ്ട് നായ്ക്കളിൽ ഒരെണ്ണത്തിനെ കൊലപെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇതിനു മുൻപ് മീൻകുഴി മലയോട് ചേർന്ന് കിടക്കുന്ന കുളങ്ങരവാലി തെക്കേചരുവിൽ രഞ്ജിത്തിന്റെ പഴയപുരയിടത്തിൽ നിന്ന നായയെ പുലി ആക്രമിക്കുകയുണ്ടായി. പ്രദേശത്തു പുലിയുടെ സാമിപ്യം ഉള്ളതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. തൊട്ടടുത്തുള്ള വീട്ടിലെ വ്യക്തിയും പുലിയെ ഇന്നലെ രാത്രി 1.15ന് പരിസരത്തു വെച്ച് കണ്ടിട്ടുണ്ട്. നായയെ കൊന്നശേഷം കടന്നുപോയ കാൽപാടുകളും കാണാം. ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സജികുളത്തുങ്കൽ, വാർഡ് മെമ്പർ ജോർജ് തെക്കേൽ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, സോജു.ടി.ജോൺ എന്നിവർ സ്ഥലം സന്ദർശിച്ചു. കിഴക്കൻ മലയോരമേഖലയായ ചിറ്റാറിൽ ഭൂരിഭാഗംപെരും റബർ കർഷകരാണ്. കൊവിഡ് എന്ന മാരകരോഗം നാടിനെ വലക്കുമ്പോൾ റബ്ബറിൽ നിന്നും കിട്ടുന്ന വരുമാനം ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് പോകുന്നത്. എന്നാൽ അപ്രതീക്ഷിതമായ പുലിയുടെ സാമിപ്യം നാട്ടുകാരെയും ടാപ്പിംഗ് തൊഴിലാളികളെയും ഭീതിയിൽ ആഴ്ത്തിയിരിക്കുകയാണ്.