pering
നിർമ്മാണം പാതിവഴിയിൽ മുടങ്ങിയ ഇ. വി റോഡ്

അടൂർ : മലയാള സാഹിത്യത്തറവാട്ടിലെ കാരണവരും ഹാസ്യസാമ്രാട്ടുമായിരുന്ന ഇ. വി കൃഷ്ണപിള്ളയുടെ സ്മരണയ്ക്കായി ഒരു റോഡുണ്ട്. ഇ.വിയുടെ കുടുംബവീടായ പെരിങ്ങനാട് ചെറുതെങ്ങിലഴിത്തെ വീടിന് മുന്നിലൂടെയുള്ള റോഡിന്റെ പേര് ഇ. വി റോഡ് . പക്ഷേ ആ മഹാപ്രതിഭയുടെ സ്മരണയ്ക്ക് നാണക്കേടാണ് റോഡിന്റെ അവസ്ഥ.

കെ. പി റോഡിൽ ചേന്ദംപള്ളി ക്ഷേത്ര ജംഗ്ഷനിൽ ആരംഭിച്ച് നെല്ലിമുകളിൽ എത്തുന്ന റോഡിന് 6 കിലോമീറ്റർ ദൂരമുണ്ട്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കെട്ടുകാഴ്ച നടക്കുന്ന പെരിങ്ങനാട് തൃച്ചേന്ദമംഗലം ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകൂടിയാണിത്. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് ഉന്നത നിലവാരത്തിൽ ടാർ ചെയ്യണമെന്നത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ്. ഇതിനെ തുടർന്നാണ് 2018 - 19 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ ആദ്യഘട്ടമായി രണ്ട് കിലോമീറ്റർ ഭാഗം ബി. എം ആൻഡ് ബി. സി നിലവാരത്തിൽ ടാർചെയ്യുന്നതിന് 2 കോടി രൂപ വകയിരുത്തിയത്. ആറ് പ്രാവശ്യം ടെൻഡർ ക്ഷണിച്ചെങ്കിലും തുക കുറവായതിനാൽ കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നില്ല. ഒടുവിൽ കിലോമീറ്റർ ദൈർഘ്യം 1.650 ആക്കി കുറച്ചാണ് കരാർ ഉറപ്പിച്ചത്. മെറ്റിൽ വിരിച്ചിട്ടിട്ട് നാല് മാസം പിന്നിടുന്നു. കരാറുകാരന്റെ അനാസ്ഥമൂലം ഇഴഞ്ഞുനീങ്ങുന്ന നിർമ്മാണം മൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ചേന്ദംപള്ളി ക്ഷേത്രജംഗ്ഷൻ മുതൽ പെരിങ്ങനാട് വഞ്ചിമുക്കുവരെയാണ് റോഡിന്റെ പുനരുദ്ധാരണം നടക്കേണ്ടത്. പെരിങ്ങനാട് വയൽഭാഗത്ത് നിരത്തിയ മെറ്റിൽ മഴവെള്ളത്തിൽ ഒലിച്ചുപോയി. ഇൗ ഭാഗത്ത് റോഡിന്റെ ഉയരം കൂട്ടേണ്ടതിനാലുള്ള സൈഡ് ഭിത്തി നിർമ്മാണവും പാതിവഴിയിൽ മുടങ്ങി. ഇത് പൂർത്തിയായാൽ മാത്രമേ ടാറിംഗ് ആരംഭിക്കാനാകു. റോഡിൽ നിരത്തിയിട്ടിരിക്കുന്ന മെറ്റിലിന് മുകളിലൂടെയാണ് നാട്ടുകാരുടെ ഇപ്പോഴത്തെ യാത്ര.ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്.

-----------------

ഇഴഞ്ഞുനീങ്ങി നി+ർമ്മാണം, യാത്രക്കാർക്ക് ദുരിതം

റോഡ് നവീകരിക്കാൻ അനുവദിച്ചത് 2 കോടി

മെറ്റിൽ വിരിച്ചിട്ട് നാല് മാസം

അടൂരിന്റെ പ്രശസ്തി വാനോളം ഉയർത്തിയ ഇ. വി എന്ന അനശ്വര സാഹിത്യകാരനെ അപമാനിക്കുന്നതിന് തുല്യമാണ് അദ്ദേഹത്തിന്റെ പേരിലുള്ള റോഡിന്റെ ഇന്നത്തെ അവസ്ഥ. സമയബന്ധിതമായി പണി പൂർത്തിയാക്കിയില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകും.

ഷെല്ലി ബേബി,

പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ

---------

നാട്ടുകാരുടെ ദുരിതം മനസ്സിലാക്കുന്നു. കരാറുകാരന്റെ അനാസ്ഥയാണ് ഇതിനുപിന്നിൽ. അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാരന് അടുത്ത ദിവസം നോട്ടീസ് നൽകും.

മനു,

അസി. എൻജിനീയർ,

പൊതുമരാമത്ത് റോഡ് സെക്ഷൻ, പന്തളം.