പന്തളം: പന്തളം നഗരസഭയിൽ ഭരണസ്തംഭനമുണ്ടാക്കാൻ സർക്കാർ തലത്തിൽ നീക്കം നടക്കുന്നതായി നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് പറഞ്ഞു. ഇടതുസംഘടനയിൽപ്പെട്ട നഗരസഭാ ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് സർക്കാരും സി.പി.എമ്മും ചേർന്ന് ഭരണം അട്ടിമറിക്കാൻ ശ്രമിക്കുന്നത്. നഗരസഭയുടെ പദ്ധതി സമർപ്പണം തടയാനുള്ള ശ്രമമുണ്ടായി. അതിനായി നഗരസഭാ സെക്രട്ടറിയുടെ ലോഗിൻ ഐ.ഡി അഞ്ചു ദിവസം മുമ്പ് തദ്ദേശ സ്വയംഭരണ വകുപ്പ് ബ്ലോക്ക് ചെയ്തു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബ്ലോക്ക് മാറ്റാൻ സർക്കാർ തയ്യാറായില്ല. നഗരസഭയിലെ പ്രതിപക്ഷത്തെ ഉപയോഗിച്ചും അട്ടിമറിശ്രമം നടത്തുകയാണ്. ഇതിനെയെല്ലാം അതിജീവിച്ച് പദ്ധതി സമർപ്പിക്കുകയും അംഗീകാരം നേടുകയും ചെയ്തതായും നഗരസഭാദ്ധ്യക്ഷ പറഞ്ഞു.

നഗരസഭയിൽ സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയെ പരാജയപ്പെടുത്തി ബി.ജെ.പി ഭരണമേറ്റ നാൾ മുതൽ സി.പി.എമ്മും സർക്കാരും ഭരണം തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സി.പി.എം നിർദ്ദേശപ്രകാരം നഗരസഭാ സെക്രട്ടറിയെ മാറ്റിക്കൊണ്ടായിരുന്നു തുടക്കം. ഇതിലൂടെ പദ്ധതി തയ്യാറാക്കുന്നതും ബഡ്ജറ്റ് അവതരിപ്പിക്കുന്നതും തടയുക എന്നതായിരുന്നു ലക്ഷ്യം.
പിന്നീട് ബി.ജെ.പി കൗൺസിലർമാരെ വിലയ്ക്കെടുക്കാൻ ശ്രമമുണ്ടായി. മൂന്നു കൗൺസിലർമാരെ രാജി വയ്പിച്ച് ഭരണം അട്ടിമറിക്കാനാണ് ശ്രമിച്ചത്. കൗൺസിലർമാർക്ക് പണവും ആശ്രിതർക്ക് ജോലിയും വാഗ്ദാനം ചെയ്തെങ്കിലും ആരും അതിൽ വീണില്ല. അതോടെ യു.ഡി.എഫ് കൗൺസിലർമാരേക്കൂടി ഒപ്പം കൂട്ടി സംയുക്തമായാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എൽ.ഡി.എഫ്-യുഡിഎഫ് സഖ്യം കൗൺസിൽ മീറ്റിംഗുകൾ അലങ്കോലപ്പെടുത്തുകയാണ്.

ഇത്തരം പ്രവർത്തനങ്ങളിലൂടെ സാധാരണക്കാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങൾ തടയുകയാണു പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ആനുകൂല്യങ്ങൾ ലഭിക്കാതായാൽ ഗുണഭോക്താക്കളെ നഗരസഭയ്ക്കെതിരെ തിരിച്ചുവിടാമെന്നാണ് സി.പി.എമ്മും സർക്കാരും കരുതുന്നത്. ഈ നീക്കങ്ങൾ പൊതുജനങ്ങളെ ബോദ്ധ്യപ്പെടുത്തി പരാജയപ്പെടുത്തുമെന്നും സുശീല സന്തോഷ് പറഞ്ഞു.