കൂടൽ : ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ കൂടലിൽ പൊലീസ് പരിശോധന ശക്തമാക്കി. ഇന്നലെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്തവരുടെ നിരവധി വാഹങ്ങൾ കസ്റ്റഡിയിലെടുത്തു. ആരോഗ്യവകുപ്പും പൊലീസും പഞ്ചായത്തും നിയന്ത്രണം ശക്തമാക്കിയെങ്കിലും ആളുകൾ കൂട്ടമായി പുറത്തിറങ്ങുന്നതായി പരാതിയുയർന്നിരുന്നു. പുനലൂർ -മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടൽ, കലഞ്ഞൂർ , മുറിഞ്ഞകൽ തുടങ്ങിയ സ്ഥലങ്ങളിലാണ് ചെക്കിങ് പോയിന്റുകളുള്ളത് . അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ പൊലീസ് വാഹനയാത്ര അനുവദിക്കുന്നുള്ളുവെങ്കിലും പലരും സത്യവാങ്മൂലം ദുരുപയോഗം ചെയ്ത് യാത്ര ചെയ്യുന്നുതായി പരാതിയുയർന്നിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും ചന്തയിലും ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പും ഇന്നലെ പരിശോധന ശക്തമാക്കി. ലോക്ക്ഡൗൺ ഇളവിനെ തുടർന്ന് വെള്ളിയാഴ്ച കൂടുതൽ ആളുകൾ നിരത്തിലിറങ്ങിയിരുന്നു. ഇടവഴികൾ അടക്കം നിയന്ത്രണം കടുപ്പിച്ചാണ് ഇന്നലെ പൊലീസ് പരിശോധന നടന്നത്. ക്വാറന്റൈനിലുള്ളവർ പുറത്തിറങ്ങുന്നില്ലെന്നും പുറത്തുനിന്നുള്ളവർ എത്തുന്നില്ലെന്നും ഉറപ്പാക്കാൻ ആരോഗ്യവകുപ്പും പരിശോധന ശക്തമാക്കി.