തിരുവല്ല: തിരുവല്ലയുടെ ഔട്ടർ ബൈപ്പാസായി വികസിപ്പിച്ച കുറ്റൂർ - മനയ്ക്കചിറ -മുത്തൂർ റോഡിലെ കുറ്റൂർ റെയിൽവേ അടിപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ റെയിൽവേ നടപടി തുടങ്ങി. നിലവിലെ റോഡ് നിരപ്പിൽ നിന്ന് താഴ്ന്നാണ് അടിപ്പാത നിർമ്മിച്ചിട്ടുള്ളത്. മുകളിലൂടെ റെയിൽ പാളം കടന്നുപോകുന്നതിനാൽ അടിപ്പാത ഉയർത്താനും കഴിയാത്ത സാഹചര്യമാണ്. ഇതുകാരണം മഴക്കാലത്ത് വെള്ളക്കെട്ട് പതിവാണ്. സങ്കീർണ്ണമായ പ്രശ്നങ്ങളെ തുടർന്ന് വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന യാത്രാതടസ്സം പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് റെയിൽവേയുടെ ഇടപെടൽ. അടുത്തകാലത്ത് നവീകരിച്ച റോഡിൽ നിന്ന് വെള്ളം അടിപ്പാതയിലേക്ക് ഒഴുകിയെത്തുന്നത് തടയാനുള്ള ജോലികളാണ് ഇന്നലെ തുടങ്ങിയത്. ഇതിനായി റോഡിന്റെ ഇരുവശങ്ങളിലുമായി ഓട തെളിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. അതിനുശേഷം പൈപ്പുകൾ സ്ഥാപിച്ച് വെള്ളം സമീപത്തെ തോട്ടിലേക്ക് ഒഴുക്കിവിടുന്ന പണികളാണ് ഇനി നടക്കാനുള്ളത്. ഈ മഴക്കാലത്ത് തന്നെ പണികൾ പൂർത്തിയാക്കാനാണ് അധികൃതരുടെ നീക്കം. സമീപത്തായി സമാനരീതിയിലുള്ള പ്രശ്‌നം നേരിടുന്ന ഇരുവളളിപ്ര റെയിൽവേ അടിപാതയിലും ഇതോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങൾ നടക്കും. രണ്ട് അടിപ്പാതകളും മണിമലയാറിന്റെ ഇരുവശങ്ങളിലുമാണ് എന്നതും പ്രശ്‌നത്തിന്റെ രൂക്ഷത വർദ്ധിപ്പിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ വെള്ളക്കെട്ടും യാത്രാപ്രശ്നങ്ങളും ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.