veg

പത്തനംതിട്ട : കൊവിഡ് കാലത്ത് കർഷകർക്ക് താങ്ങാകുകയാണ് കൃഷിവകുപ്പ്, ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആന്റ് ഫ്രൂട്ട്‌സ് പ്രമോഷൻസ് കൗൺസിൽ ഒഫ് കേരള തുടങ്ങിയവയുടെ നേതൃത്വത്തിൽ ആരംഭിച്ച പഴം, പച്ചക്കറി ഹോംഡെലിവറി സംവിധാനമായ 'നമ്മുടെ വിപണി' എന്ന ഓൺലൈൻ മാർക്കറ്റ്. നമ്മുടെ വിപണി ഹോം ഡെലിവറി സംരംഭത്തിന്റെ ഉദ്ഘാടനം കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസിലർ ഡോ.എം.എസ്. രാജശ്രീ നിർവഹിച്ചു.
കിറ്റായാണു പച്ചക്കറിയും പഴങ്ങളും വീടുകളിൽ എത്തിക്കുന്നത്. പ്രധാന പച്ചക്കറികളെല്ലാം അടങ്ങിയ ഒരു കിറ്റിന് 200 രൂപയാണ് ഈടാക്കുക. ഏതെങ്കിലും ഇനം കൂടുതൽ വേണമെങ്കിൽ അതും ഉൾപ്പെടുത്തും. ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ എന്നിവിടങ്ങളിൽ കർഷകർ എത്തിക്കുന്ന ഉത്പന്നങ്ങളാണ് ഇത്തരത്തിൽ ഹോം ഡെലിവറി നടത്തുന്നത്.
nammudevipani.in എന്ന സൈറ്റിൽ കയറി സാധനം ഓഡർ ചെയ്താൽ ഉടൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഫോണിൽ ബന്ധപ്പെടുകയും ഓഡർ ചെയ്ത സാധനം എപ്പോൾ വീട്ടിലെത്തുമെന്ന് അറിയിക്കുകയും ചെയ്യും. പണം വീട്ടിൽ സാധനങ്ങൾ എത്തിക്കുമ്പോൾ നൽകിയാൽ മതി. ഒരു പ്രാവശ്യം രജിസ്റ്റർ ചെയ്താൽ പിന്നെ സ്ഥിരം കസ്റ്റമറാകും.
കിടങ്ങൂർ എൻജിനീയറിംഗ് കോളജിലെ വിദ്യാർത്ഥികളായ കെ.ആർ അജിത്ത്, എ.നിഖിൽ, മെറി ജെയിംസ്, ശ്രീജിത് ഷാജി, സുമി മേരി ഷിബു, ആകാശ് ഫിലിപ്പ് ചെറിയാൻ, പാറ്റൂർ ശ്രീബുദ്ധ എൻജിനീയറിംഗ് കോളജിലെ എസ്.എൻ.വിഘ്‌നേശ് എന്നിവർ ചേർന്നുള്ള ടിഞ്ച് എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് ഇതിനായി വൈബ്‌സൈറ്റ് സൗജന്യമായി ഒരുക്കിയിരിക്കുന്നത്.
കൃഷിവകുപ്പ് മാർക്കറ്റിംഗ് വിഭാഗം ജില്ലാ മേധാവികൂടിയായ കൃഷി അസിസ്റ്റന്റ് ഡയറക്ടർ മാത്യു എബ്രഹാം, ഫിനാസ്ട്രാ പ്രൈവറ്റ് ലിമിറ്റിഡ് ഇന്ത്യാ ഹെഡ് സുനിൽ പ്ലാവിയൻസ്, ക്ലൗഡ് ആർക്കിടെക് ബിനീഷ് മൗലാനാ എന്നിവരാണ് ഇതിനുവേണ്ട എല്ലാവിധ പിന്തുണയും ലഭ്യമാക്കിയത്.
അടൂർ ബ്ലോക്ക് പരിധിയിലെ വീടുകളിലാണ് തുടക്കത്തിൽ നമ്മുടെ വിപണിയിലൂടെ കിറ്റുകൾ ഹോം ഡെലിവറയായി എത്തിക്കുക. തുടർന്ന് ജില്ലയിലെ മറ്റ് ബ്ലോക്കുകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കും.