ചെങ്ങന്നൂർ: നഗരസഭയിലെ എൽ.ഡി.എഫ്. കൗൺസിലർമാരുടെ സമരം ഇടതു സർക്കാരിന്റെ അനാസ്ഥ മറച്ചുവയ്ക്കാനാണെന്ന് യു. ഡി.എഫ്. പാർലമെന്ററി പാർട്ടി ലീഡർ കെ.ഷിബുരാജൻ പറഞ്ഞു. സംസ്ഥാന സർക്കാർ ഒരു കോടി രൂപ മുടക്കി ഐ.ടി.ഐ. ജംഗ്ഷനു സമീപം നിർമ്മിക്കുന്ന ആയുർവേദ ആശുപത്രി കെട്ടിട നിർമ്മാണം 5 വർഷം കഴിഞ്ഞിട്ടും തുടങ്ങിയിടത്തുതന്നെ നിൽക്കുകയാണ്. കെട്ടിടം വിപുലമായ സൗകര്യമുള്ള മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചപ്പോഴാണ് ഇടതുപക്ഷം സമരവുമായി രംഗത്തുവരുന്നത്. പ്ലാൻ ഫണ്ടിനെ മാത്രം ആശ്രയിച്ചു വികസനം നടപ്പിലാക്കുന്ന നഗരസഭയിൽ പുതിയ ഭരണസമിതി അധികാരത്തിലേറി പദ്ധതി സമർപ്പിച്ച് അംഗീകാരം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും സർക്കാർ ഫണ്ട് അനുവദിക്കാത്തതിനാലാണ് തെരുവു വിളക്കുകൾ കത്തിക്കുന്നതുൾപ്പടെയുള്ള വികസനങ്ങൾ നടപ്പിലാക്കാൻ കഴിയാത്തതെന്ന് കെ.ഷിബു രാജൻ പറഞ്ഞു.